മലവെള്ളപ്പാച്ചിലിൽ ജീവൻ കൈയിൽ പിടിച്ചൊരു പുഴകടക്കൽ: കേന്ദ്ര മന്ത്രി പങ്കിട്ട വിഡിയോ കാണാം
text_fieldsഅൻജാഉ (അരുണാചൽ പ്രദേശ്): അതി ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ അജ്ഞാതനായൊരാൾ പഴയ പാലത്തിന്റെ കൈവരികൾ പിടിച്ച് അത്യന്തം സാഹസികമായി പുഴ മുറിച്ചു കിടക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മഴക്കെടുതി രൂക്ഷമായ അരുണാചൽ പ്രദേശിലെ അൻജാവ് ജില്ലയിൽ നിന്നാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ നദി മുറിച്ചുകടക്കാൻ തൂക്കുപാലത്തിലൂടെ സഞ്ചരിക്കുന്നയാളുടെ വിഡിയോ പുറത്തുവന്നത്.
കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് എക്സിലൂടെ വിഡിയോ പങ്കു വെച്ചത്. വൈറലായ വിഡിയോയിൽ, അജ്ഞാത വ്യക്തി തകർന്ന പാലത്തിന്റെ മുകളിലെ കയറിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ഇയാൾ പതുക്കെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതും ദൃശ്യത്തിൽ കാണാം. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരുവിധ സംരക്ഷണ ഉപകരണങ്ങളുമില്ലാതെയാണ് ഇയാൾ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും ശക്തമായ മൺസൂൺ മഴയാണ് അരുണാചൽ പ്രദേശിൽ ലഭിക്കുന്നത്.
ഇന്ത്യ, ചൈന, മ്യാൻമർ അതിർത്തികളുടെ ത്രിരാഷ്ട്ര ജംഗ്ഷനു സമീപമുള്ള അരുണാചൽ പ്രദേശിലെ അൻജാവ് ജില്ലയിൽ ഒരു പരമ്പരാഗത തൂക്കുപാലം മുറിച്ചുകടക്കുന്ന ഒരാളുടെ വിഡിയോ ലഭിച്ചു. ദയവായി ജാഗ്രതയോടെയും സുരക്ഷിതമായും തുടരുക. സർക്കാർ ആവശ്യമായ പിന്തുണ നൽകും’ റിജിജു വിഡിയോക്കൊപ്പം എഴുതി. പശ്ചിമ അരുണാചൽ പ്രദേശ് ലോക്സഭാ സീറ്റിൽ നിന്നുള്ള എം.പിയാണ് കിരൺ റിജിജു.
മൺസൂൺ ആരംഭിച്ചതോടെ അരുണാചൽ പ്രദേശിൽ കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേയ് 30 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും മണ്ണിടിച്ചിലിലും ഒമ്പത് പേർ മരിച്ചിട്ടുണ്ട്. കിഴക്കൻ കമെങ്ങിൽ, രണ്ട് കുടുംബങ്ങളിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം വലിയ മണ്ണിടിച്ചിലിൽ റോഡിൽ നിന്ന് തെന്നിമാറി.
രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ദേശീയപാത-13 ലെ ബന-സെപ്പ സ്ട്രെച്ചിന് ഇടയിലാണ് സംഭവം. രണ്ടാമത്തെ സംഭവത്തിൽ, ലോവർ സുബൻസിരി ജില്ലയിലെ പൈൻ ഗ്രോവ് പ്രദേശത്തിനടുത്തുള്ള ഫാമിൽ മണ്ണിടിച്ചിലിൽ പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള അരുണാചൽ പ്രദേശ് സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബങ്ങളെ അനുശോചനം അറിയിച്ച ശ്രീ ഖണ്ഡു, സംസ്ഥാനത്തെ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

