'ആന്ധ്രക്ക് കൂടുതൽ സഹായം നൽകാം'; ജഗൻ മോഹൻ റെഡ്ഡിയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവാലെ
text_fieldsജഗൻ മോഹൻ റെഡ്ഡി, രാംദാസ് അത്താവാലെ
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.
'എൻ.ഡി.എ വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വൈ.എസ്.ആർ.സി പ്രസിഡന്‍റ് ജഗൻ മോഹൻ റെഡ്ഡിയോട് എൻ.ഡി.എയിൽ ചേരാൻ ഞാൻ അഭ്യർഥിക്കുന്നു. അദ്ദേഹം എൻ.ഡി.എയിൽ ചേർന്നാൽ ആന്ധ്രക്ക് കൂടുതൽ സഹായം നൽകുമെന്ന് ഉറപ്പ് നൽകും'-കേന്ദ്രമന്ത്രി പറഞ്ഞു.
'അതിനെക്കുറിച്ച് ചിന്തിക്കുക. ഞാൻ ബി.ജെ.പി അധ്യക്ഷൻ നഡ്ഡയോട് ഞാൻ സംസാരിക്കും. ജഗൻ തയാറാണെങ്കിൽ തീർച്ചയായും ഞാൻ ബി.ജെ.പി ഹൈക്കമാൻഡിനോട് സംസാരിക്കും. അത് പോസിറ്റീവ് ആയിരിക്കും' -വിശാഖപട്ടണത്ത് വെച്ച് അത്താവാലെ പറഞ്ഞു.
അത്താവാലെയുടെ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഘടകകക്ഷിയാണ്. വൈ.എസ്.ആർ.സി രാജ്യസഭയിലും ലോക്സഭയിലും കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന കാര്യം അത്താവാെല വാർത്താ സമ്മേളനത്തിൽ ഓർമിപ്പിച്ചു.
ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലമാണെന്നും കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ 15-20 വർഷം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.