ഹിന്ദുവായാലും മുസ്ലിമായാലും ഒരു കുട്ടി മതി -കേന്ദ്രമന്ത്രി
text_fieldsഅഹ്മദാബാദ്: രാജ്യത്തിന്‍റെ ജനസംഖ്യ കുറക്കാൻ 'നാം ഒന്ന്, നമുക്ക് രണ്ട്' എന്ന നയം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ. സാമൂഹിക നീതി വകുപ്പ് മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ അതേവാല പാർട്ടി പ്രവർത്തകരോട് സംസാരിക്കവേയാണ് പരാമർശം.
ഇന്ത്യയിൽ ഭരണഘടനയും മതേതരത്വവും നിലനിൽക്കുന്നത് ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാലാണെന്ന ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിൻ പേട്ടലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അതേവാല. ഹിന്ദുജനസംഖ്യ കുറയുകയാണെന്ന വാദം ശരിയല്ലെന്ന് അതേവാല പറഞ്ഞു.
''ഹിന്ദു ജനസംഖ്യ കുറയുകയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഹിന്ദുക്കൾ ഹിന്ദുക്കളായും മുസ്ലിംകൾ മുസ്ലിംകളായും നിലനിൽക്കും. ചിലപ്പോൾ ഏതാനും മുസ്ലിംകളോ ഹിന്ദുക്കളോ മതം മാറിയേക്കാം. നിർബന്ധിത മത പരിവർത്തനം മാത്രമാണ് തെറ്റ്. ഹിന്ദുക്കളുടേതായാലും മുസ്ലിംകളുടേതായാലും ജനസംഖ്യ നിയന്ത്രിക്കണം. ഒരു കുട്ടിയെന്ന നയം സ്വീകരിച്ചാൽ ജനസംഖ്യ നിയന്ത്രിക്കാനാകും. 'നാം രണ്ട്, നമുക്ക് രണ്ട്' എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. ഇത് ചുരുക്കി 'നാം രണ്ട് , നമുക്ക് ഒന്ന്' എന്നാക്കി മാറ്റണം'' -അതേവാല പറഞ്ഞു.