ന്യൂഡൽഹി: കേന്ദ്ര പാർലമെൻററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ധാർവാഡ് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോഷിയാണ് അടുത്തിടെ പാർലമെൻറിൽ മൺസൂൺ സെഷൻ നടത്തുന്നതിനായി ചുക്കാൻ പിടിച്ചത്.
കർണാടകയിൽ നിന്നും മഹാമാരി പിടിപെടുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ജോഷി. നേരത്തെ റെയില്‍വേ സഹമന്ത്രിയായിരുന്ന സുരേഷ് അംഗഡി കൊവിഡ് ബാധിച്ചാണ് മരിച്ചത്. കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കൻമാർക്കും രോഗം ബാധിച്ചിരുന്നു.