കേന്ദ്രമന്ത്രിയുടെ അനന്തരവന്മാർ പരസ്പരം വെടിയുതിർത്തു, ഒരാൾ മരിച്ചു; തർക്കം ടാപ്പിലെ വെള്ളമെടുക്കുന്നതിനെ ചൊല്ലി
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ബി.ജെ.പി നേതാവുമായ നിത്യാനന്ദ റായിയുടെ അനന്തരവൻമാർ പരസ്പരം വെടിയുതിർത്തു. വെടിയേറ്റ ഒരാൾ മരിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. അവരുടെ പ്രദേശത്തെ ടാപ്പിലെ വെള്ളത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മക്കൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമ്മക്കും വെടിയേറ്റു. ഭാഗൽപൂരിലെ നവ്ഗച്ചിയയിലെ ജഗത്പൂർ ഗ്രാമത്തിലാണ് ഇരുവരും താമസിച്ചിരുന്നത്.
സഹോദരൻമാരിൽ ഒരാളായ വിശ്വജിത് യാദവ് ആണ് മരിച്ചത്. വെടിവെപ്പിൽ പരിക്കേറ്റ ജയജിതിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു.
ടാപ്പിലെ വെള്ള എടുക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വജിത്തിന്റെയും ജയജിത്തിന്റെയും ഭാര്യമാർ തമ്മിലാണ് തർക്കം ഉടലെടുത്തത്. പിന്നാലെ തർക്കത്തിൽ സഹോദരൻമാർ ഇടപെടുകയായിരുന്നു. പിന്നീടത് കൈയേറ്റത്തിലേക്ക് മാറി. അതിനുപിന്നാലെ തോക്കെടുത്ത് കൊണ്ടുവന്ന് വിശ്വജിത് ജയജിത്തിനെ വെടിവെക്കുകയായിരുന്നു. ആ തോക്ക് പിടിച്ചുവാങ്ങി ജയജിത്തും വിശ്വജിത്തിനെ തിരിച്ച് വെടിവെച്ചു. സഹോദരങ്ങൾ തമ്മിലെ തർക്കം തീർക്കാനാണ് അമ്മ ഹിന ദേവി ഇടപെട്ടത്. അവരുടെ കൈക്കും വെടിയേറ്റുവെന്ന് പൊലീസ് പറഞ്ഞു.
മൂവരെയും ഭഗൽപൂരിലെ നഴ്സിങ് ഹോമിലെത്തിച്ചുവെങ്കിലും വിശ്വജിത്ത് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ജയജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഒരേ വീട്ടിലാണ് സഹോദരൻമാർ താമസിച്ചിരുന്നത്. അവർ തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

