‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ തെറ്റിച്ച് എഴുതി കേന്ദ്രമന്ത്രി; വിഡിയോ വൈറൽ
text_fieldsഭോപാൽ: മധ്യപ്രദേശിലെ ധർ ജില്ലയിൽ സ്കൂൾ സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂർ, സർക്കാർ പദ്ധതിയായ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ തെറ്റായി ബോർഡിൽ എഴുതുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ‘ബേട്ടി പഠാവോ ബച്ചാവ്’ എന്നാണ് മന്ത്രി ഹിന്ദിയിൽ എഴുതിയത്. സ്വന്തം മണ്ഡലത്തിൽവച്ച് അബദ്ധം പിണഞ്ഞ മന്ത്രി, പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതായാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സകൂൾ ചലോ അഭിയാന്‍റെ ഭാഗമായി ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രിയായ സാവിത്രി ഠാക്കൂർ പങ്കെടുത്തത്. വിഡിയോ വൈറലായതോടെ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഉന്നതപദവി വഹിക്കുന്നവർക്ക് മാതൃഭാഷയിൽ പോലും എഴുതാനറിയാത്തത് ജനാധിപത്യത്തിന്‍റെ ദൗർഭാഗ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ.കെ. മിശ്ര പറഞ്ഞു.
വകുപ്പ് കൈകാര്യം ചെയ്യാനുള്ള ശേഷി മന്ത്രിക്കുണ്ടോ എന്നു ചോദിക്കുന്ന മിശ്ര, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നിശ്ചിത വിദ്യാഭ്യാസം വേണമെന്ന നിബന്ധന ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ സാക്ഷരതാനിരക്ക് ഉയരുമ്പോഴും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നിരക്ഷരരാകുന്നത് വൈരുദ്ധ്യമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. അതേസമയം, കോൺഗ്രസിന്‍റെ ആദിവാസി വിരുദ്ധതയാണ് ഇത്തരം പരാമർശങ്ങൾക്ക് കാരണമെന്ന് ധറിലെ ബി.ജെ.പി പ്രസിഡന്‍റ് മനോജ് സൊമാനി തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

