'എനിക്ക് വോട്ടുചെയ്യുമോ എന്ന് ഒരു മൗലവിയോട് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്, മുസ്‍ലിംകൾ വഞ്ചകരാണ്'; വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്
text_fieldsപട്ന: മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. കേന്ദ്ര സർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണ് മുസ്‍ലിംകൾ എന്നും അവരെ വഞ്ചകർ എന്നേ വിശേഷിപ്പിക്കാനാവൂ എന്നുമാണ് ബിഹാറിലെ ബെഗുസറായ് മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.പിയായ ഗിരിരാജ് സിങ് പറഞ്ഞത്.
‘‘നിങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഹെൽത് കാർഡ് ഉണ്ടോ എന്ന് ഞാൻ ഒരു മൗലവിയോട് ചോദിച്ചു. അയാൾ ഉണ്ടെന്ന് പറഞ്ഞു. എനിക്ക് വോട്ടുചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. വഞ്ചകരുടെ വോട്ട് എനിക്ക് വേണ്ടെന്ന് മൗലവിയോട് പറഞ്ഞു’’ -ഗിരിരാജ് സിങ്ങിന്റെ വിവാദമായ വാക്കുകൾ ഇതാണ്.
ബി.ജെ.പി നേതാക്കൾക്ക് ഹിന്ദു, മുസ്‍ലിം എന്നല്ലാതെ വളരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, മെച്ചപ്പെട്ട ആരോഗ്യ -വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന വക്താവ് മൃത്യുഞ്ജയ് തിവാരി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
നേരത്തെ തന്നെ മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. ഒരു തവണ നവാഡയിൽ നിന്നും രണ്ടുതവണ ബെഗുസാരായിയിൽ നിന്നുമാണ് ഇദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
1947ൽ എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കിൽ രാജ്യത്തെ സ്ഥിതി വ്യത്യസ്തമാകുമാകുമെന്നും മുസ്‍ലിംകളെ ഇവിടെ ജീവിക്കാൻ അനുവദിച്ചതാണ് ഏറ്റവും വലിയ തെറ്റെന്നും തരത്തിലുള്ള വിദ്വേഷ പ്രസ്താവനകൾ മുസ്‍ലിംകൾക്കെതിരെ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

