സ്വന്തം വകുപ്പിൽനിന്ന് ഒരു കോടി രൂപ സബ്സിഡി സ്വന്തമാക്കി കേന്ദ്ര കൃഷി സഹമന്ത്രി; വിവാദമായതോടെ ‘ഞാൻ കർഷകനാണ്’ എന്ന് വിശദീകരണം
text_fieldsന്യൂഡൽഹി: സ്വന്തം മന്ത്രാലയത്തിന്റെ പദ്ധതിയിൽനിന്ന് ഒരു കോടി രൂപയോളം രൂപ സബ്സിഡി സ്വന്തമാക്കി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. സംഭവം വിവാദമായതോടെ, താൻ ചെറുപ്പം മുതൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകനാണെന്നും ഇതിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നുമുള്ള പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. സർക്കാർ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിൽനിന്നും സബ്സിഡി ലഭിച്ചതെന്നും പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭഗീരഥ് ചൗധരിയുടെ കൃഷിയിടത്തിൽ പോളിഹൗസുകൾ സ്ഥാപിക്കുന്നതിന് 99.03 ലക്ഷം രൂപയുടെ സബ്‌സിഡിയാണ് കൃഷി മന്ത്രാലയത്തിന് കീഴിലെ ബോർഡ് അംഗീകരിച്ചത്. മന്ത്രിയാകുന്നതിന് മുമ്പ്, 2018 ലാണ് ഈ സബ്‌സിഡിക്കായി അപേക്ഷ നൽകിയതെന്നും രാജസ്ഥാനിലെ തന്റെ കൃഷിയിടത്തിൽ മഴവെള്ള സംഭരണത്തിനായി വലിയ ഫാം പോണ്ടും പോളിഹൗസും സ്ഥാപിച്ച ശേഷം, വിളകൃഷിയും നിർബന്ധിത പരിശോധനകളും പൂർത്തിയായതിനെ തുടർന്നാണ് 2025ൽ സബ്സിഡി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറികളും പൂക്കളും ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചറൽ വിളകളുടെ വാണിജ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2014 ൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയായ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ പ്രകാരമാണ് തനിക്ക് സബ്‌സിഡി ലഭിച്ചത്. പോളിഹൗസ് സ്ഥാപിക്കുന്നതിനുള്ള ചെലവിൽ 50 ശതമാനം സബ്‌സിഡി ഈ പദ്ധതി നൽകുന്നുണ്ടെന്നും ഇത് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കർഷകർക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
‘ഞാൻ ചെറുപ്പം മുതൽ കർഷകനാണ്. സർക്കാർ സഹായമില്ലാതെ സാധാരണ കർഷകന് പോളിഹൗസ് സ്ഥാപിക്കുക സാമ്പത്തികമായി പ്രയാസമാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള സബ്സിഡികൾ നൽകുന്നത്’ ഭാഗീരഥ് ചൗധരി പറഞ്ഞു. കൃഷിയിടത്തിൽ വായ്പയുടെയും സബ്സിഡിയുടെയും മുഴുവൻ വിവരങ്ങളും പ്രദർശിപ്പിച്ച ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ആധുനികവും നൂതനവുമായ കൃഷിരീതികൾ പഠിക്കാൻ വേണ്ടി തന്റെ കൃഷിയിടം സന്ദർശിക്കാൻ മറ്റ് കർഷകരെ പതിവായി ക്ഷണിക്കാറുണ്ട്. പോളിഹൗസിൽ നിലവിൽ വെള്ളരി, തക്കാളി, കാപ്സിക്കം, മല്ലി എന്നിവ കൃഷി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഒരു കേന്ദ്രമന്ത്രിക്ക് സബ്സിഡി ലഭിച്ചതിനെതിരെയും ബോർഡിന്റെ വൈസ് പ്രസിഡന്റ് ഭഗീരഥ് ചൗധരി തന്നെയാണ് എന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മോദി സർക്കാരിന്റെ കീഴിലെ അഴിമതിയുടെ പുതിയ മാതൃകയാണിതെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

