ജാതി പേര് ഒഴിവാക്കാനുള്ള തമിഴ്നാട് സർക്കാറിന്‍റെ തീരുമാനം സ്റ്റാലിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമർശനവുമായി കേന്ദ്രമന്ത്രി
text_fieldsതമിഴ്നാട്: പൊതുവിടങ്ങളുടെ പേരിൽ നിന്ന് ജാതി പേര് നീക്കം ചെയ്യാനുള്ള തമിഴ്നാട് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി എൽ.മുരുഗൻ. തെരുവുകളിൽ നിന്നും പൊതു രേഖകളിൽ നിന്നുമെല്ലാം മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് നീക്കം ചെയ്യാനുള്ള രാഷ്ട്രീയ താൽപ്പര്യമാണ് ഇതിനു പിന്നിലെന്ന് മന്ത്രി ആരോപിച്ചു.
സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതി അതിക്രമങ്ങളെ അവഗണിച്ച് 'സൗന്ദര്യ വർധക സാമൂഹ്യ നീതി' നടപ്പിലാക്കാനാണ് ഡി.എം.കെ ഗവൺമെന്‍റ് ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. സ്വന്തം ജീവിതത്തിലും പാർട്ടിയിലും ജാതി പിന്തുടരുന്നവർക്ക് സമൂഹത്തിൽ നിന്ന് ജാതി പേര് നീക്കം ചെയ്യണമെന്ന് എങ്ങനെ പറയാനാകും എന്നാണ് മുരുകൻ ചോദിക്കുന്നത്. ഭരണ കാലാവധി അവസാനിക്കാറായിട്ടും ജനങ്ങളിൽ നിന്ന് അതൃപ്തി നേരിടുന്ന ഭരണ കഷിയായ ഡി.എം.കെ ഇത്തരം നീക്കങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ഹോസ്റ്റലുകൾക്ക് സാമൂഹ്യ നീതി ഹോസ്റ്റലെന്ന് പുനർനാമകരണം ചെയ്യുന്നതും രേഖകളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കിയതും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു എന്ന് വീമ്പ് പറയുന്നതും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് മന്ത്രി ആക്ഷേപിക്കുന്നത്.
സംസ്ഥാനത്ത് അരങ്ങേറിയ നിരവധി ജാതി അതിക്രമങ്ങളിൽ നടപടി എടുക്കുന്നതിൽ ഭരണ സംവിധാനം പരാജയപ്പെട്ടു എന്ന് മന്ത്രി പറഞ്ഞു. 2021 മുതൽ നടന്ന് ജാതിയുടെ പേരിലുള്ള അതിക്രമങ്ങളിലും കൊലപാതകങ്ങളിലും ഇരകൾക്ക് എന്ത് നീതിയാണ് ലഭിച്ചതെന്ന് ചോദിക്കുന്ന മുരുകൻ തൊട്ടു കൂടായ്മയും വിവേചനവും ഇപ്പോഴും തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങൾക്ക് തന്‍റെ പിതാവിന്‍റെ പേര് നൽകാനുള്ള സ്റ്റാലിന്‍റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മുരുകൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

