കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്‌സോ കേസ്; പൊലീസിൽ കീഴടങ്ങി ബണ്ടി ഭഗീരഥ് സായി
text_fieldsബണ്ടി സഞ്ജയ് കുമാറും മകൻ ബണ്ടി ഭഗീരഥ് സായിയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായിയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകണമെന്ന ഭഗീരഥിന്റെ ഹർജി തെലങ്കാന ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് അറസ്റ്റ് ഉണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രിയും ബി.ജെ.പി എം.പിയുമായ ബണ്ടി സഞ്ജയ് കുമാർ, കേസ് അന്വേഷണത്തിനായി ശനിയാഴ്ച തന്റെ മകനെ പൊലീസിന് കൈമാറിയതായി അറിയിച്ചു. 17 വയസ്സുകാരിയായ പെൺകുട്ടി നൽകിയ പീഡന പരാതിയിലാണ് 25 കാരനായ ഭഗീരഥിനെതിരെ കേസെടുത്തത്. പോക്‌സോ നിയമപ്രകാരവും ബി.എൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനുപിന്നാലെ നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് വിശ്വസിക്കുന്നതായി കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ സമൂഹ മാധ്യമത്തിൽ കുറിച്ചു. 'നിയമത്തോടും നീതിന്യായ വ്യവസ്ഥയോടും പൂർണ്ണമായ ആദരവ് നിലനിർത്തിക്കൊണ്ട്, എന്റെ മകൻ ബണ്ടി ഭഗീരഥ് ഇന്ന് അഭിഭാഷകർ മുഖേന തെലങ്കാന പൊലീസിന് മുന്നിൽ ഹാജരായി. ഇത് എന്റെ മകനായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മകൻ ഉറപ്പിച്ചു പറയുന്നത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷവും ഞങ്ങളുടെ പക്കലുള്ള തെളിവുകൾ പരിശോധിച്ച ശേഷവും, ഈ വിഷയം നിയമപരമായി നേരിടാനാണ് ഞങ്ങൾക്ക് ലഭിച്ച ഉപദേശം', അദ്ദേഹം കുറിച്ചു.
കോടതി നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത ആഴ്ചയോടെ ഉത്തരവ് വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എങ്കിലും അന്വേഷണവുമായി സഹകരിക്കുന്നതിൽ മടി കാണിക്കേണ്ടതില്ലെന്ന് താൻ തീരുമാനിക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച അർദ്ധരാത്രി വരെ നീണ്ടുനിന്ന വാദത്തിനൊടുവിലാണ് തെലങ്കാന ഹൈക്കോടതി ഭഗീരഥിന് അറസ്റ്റിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം നിഷേധിച്ചത്. പെൺകുട്ടിയുടെ അമ്മ തന്നെയാണ് കേസിൽ പരാതിക്കാരി. എന്നാൽ, പെൺകുട്ടിയും ഭഗീരതും കഴിഞ്ഞ വർഷം മുതൽ പരസ്പര സമ്മതത്തോടെ പ്രണയത്തിലായിരുന്നുവെന്നാണ് ഭഗീരതിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ പെൺകുട്ടിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഇരുഭാഗവും കേട്ട ജസ്റ്റിസ് ടി. മാധവി ദേവി, ഈ ഘട്ടത്തിൽ ഭഗീരതിന് അനുകൂലമായി യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
എന്നാൽ തനിക്കെതിരെയുള്ള കേസ് ഒരു ഹണിട്രാപ്പിന്റെയും പണം തട്ടാനുള്ള ശ്രമത്തിന്റെയും ഭാഗമാണെന്നാണ് ഭഗീരത് ആരോപിക്കുന്നത്. പെൺകുട്ടിയും മാതാപിതാക്കളും തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുണ്ടെന്നും, അതിനായി 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് താൻ മുൻപ് പൊലീസിനെ സമീപിച്ചിരുന്നതായും ഭഗീരത് അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

