ഖാർഗെ വേദിയിലെ ശുദ്ധിക്രിയക്കെതിരെ കേന്ദ്ര മന്ത്രി അതാവലെ
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചതിന് പിന്നാലെ വേദി ‘ശുദ്ധിക്രിയ’ നടത്തിയ സംഘ്പരിവാർ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അതാവലെ.
ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെയതിന് പിന്നാലെയാണ് മറ്റൊരു മന്ത്രികൂടി ഖാർഗെക്ക് പിന്തുണയുമായി എത്തിയത്. നടപടി തെറ്റാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ അതാവലെ, കർമം നടത്തിയവർക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ ഭരണമുന്നണി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് മന്ത്രിമാരിലൊരാൾ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാലത്തും ദലിതർ നേരിടുന്ന വിവേചനത്തെക്കുറിച്ച് പല ഉദാഹരണങ്ങൾ ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചതെന്നും, സമൂഹത്തിലെ ഇത്തരം അവസ്ഥകൾക്ക് മാറ്റമുണ്ടായില്ലെങ്കിൽ അത് സർക്കാറിനും ആശങ്ക ഉളവാക്കേണ്ട പ്രശ്നമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചിരാഗ് പാസ്വാൻ പട്നയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

