കശ്മീർ: പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര മന്ത്രിസഭായോഗം ചേർന്നു
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ അനിശ്ചിതത്വം നിലനിൽക്കെ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്നു. ലോക് കല്ല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് 9.30നാണ് കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗം നടന്നത്. ഇതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ധോവലും യോഗത്തിൽ പങ്കെടുത്ത ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടതായാണ് സൂചന.
മന്ത്രിസഭാ യോഗത്തിനു ശേഷം അമിത് ഷാ പാർലമെൻറിലേക്ക് തിരിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ പ്രസ്താവനയിലൂടെ പാർലമെൻറിലെ ഇരുസഭകളിലും അറിയിക്കും.
കശ്മീരിൽ കേന്ദ്രസർക്കാർ വൻ നടപടികൾ കൈകൊള്ളാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. കശ്മീരിന് സ്വയംഭരണാവകാശം നൽകുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് പിൻവലിക്കാൻ സർക്കാർ ഉപദേശം തേടിയതായും സൂചനയുണ്ട്.
ജമ്മുകശ്മീരിലെ സർക്കാർ നീക്കങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻറിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസും സി.പി.എമ്മുമാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്.
അതേസമയം, കശ്മീരിലെ പ്രധാന നേതാക്കളായ മഹ്ബൂബ മുഫ്തി, ഉമർ അബ്ദുല്ല, സജ്ജാദ് ലോൺ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് മൊബൈൽ-ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ ശ്രീനഗർ ജില്ലയിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
