സ്ത്രീകൾക്ക് 33 ശതമാനം സംവരണം; വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ നിർണ്ണായകമായേക്കാവുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനൊപ്പം, സഭകളിലെ ആകെ സീറ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിലവിലെ ഭേദഗതി പ്രകാരം ലോക്സഭയിലെ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ 543 സീറ്റുകളിൽ നിന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. മണ്ഡല പുനർനിർണയത്തിലൂടെയാകും ഈ മാറ്റം വരിക. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (33%) സ്ത്രീകൾക്കായി മാറ്റിവെക്കുന്നതോടെ ലോക്സഭയിൽ മാത്രം 273 വനിതാ അംഗങ്ങൾ ഉണ്ടാകും.
സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമ്പോഴും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള നിലവിലെ സംവരണ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും. സംസ്ഥാന നിയമസഭകളിലും സമാനമായ രീതിയിൽ സീറ്റുകൾ വർധിപ്പിക്കുകയും സ്ത്രീകൾക്ക് അനുപാതികമായി സംവരണം നൽകുകയും ചെയ്യും.'നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ' എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയിൽ പാർലമെന്റിൽ അവതരിപ്പിക്കും.
ഇതിന് മുന്നോടിയായി മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായുള്ള മറ്റൊരു പ്രത്യേക ബില്ലും സർക്കാർ സഭയിൽ വെക്കും. 2029ലെ പൊതുതെരഞ്ഞെടുപ്പിലായിരിക്കും ഈ പുതിയ നിയമം പ്രായോഗികമായി നടപ്പിലാക്കുക. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കാനാണ് സർക്കാർ പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്.
നേരത്തെ 2027ലെ സെൻസസ് പൂർത്തിയാക്കിയ ശേഷം സംവരണം നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടപടികൾ 2034 വരെ നീളാൻ കാരണമാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് 2011ലെ സെൻസസ് തന്നെ അടിസ്ഥാനമാക്കാൻ തീരുമാനിച്ചത്. ഇതിലൂടെ 2029ൽ തന്നെ വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ സാധിക്കും. 2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ സ്ത്രീസംവരണ ബില്ലിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ കാലോചിതമായ ഭേദഗതികൾ വരുത്തിയിരിക്കുന്നത്.
സ്ത്രീ ശാക്തീകരണ രംഗത്ത് വലിയൊരു കുതിച്ചുചാട്ടമായാണ് ഈ ബില്ലിനെ കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ദശകങ്ങളായി ചർച്ചകളിൽ മാത്രം ഒതുങ്ങിനിന്ന വനിതാ സംവരണം, സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ മറ്റ് വിഭാഗങ്ങളെ ബാധിക്കാതെ നടപ്പിലാക്കാൻ കഴിയുമെന്നതാണ് ഈ ഭേദഗതിയുടെ പ്രധാന സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

