‘ഒരു റാങ്ക് ഒരു പെൻഷൻ’ പരിഷ്കരണത്തിന് അംഗീകാരം
text_fieldsന്യൂഡൽഹി: പ്രതിരോധ സേനകളിൽനിന്ന് വിരമിച്ചവർക്കുള്ള ഒരു റാങ്ക് ഒരു പെൻഷൻ (ഒ.ആർ.ഒ.പി) പദ്ധതി പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ഭാര്യമാർ, അംഗപരിമിതരായ പെൻഷൻകാർ അടക്കം കുടുംബ പെൻഷൻകാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.
ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രകാരം പെൻഷൻകാർക്ക് കുടിശ്ശിക നൽകാൻ 2023 മാർച്ച് 15 വരെ സാവകാശം തേടി ഒരാഴ്ച മുമ്പ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതി പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചത്.
മന്ത്രിസഭ യോഗത്തിനുശേഷം കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 25.13 ലക്ഷം പെൻഷൻകാർക്ക് ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ജൂൺ 30 വരെ സായുധസേനയിൽനിന്ന് വിരമിച്ചവർക്ക് 2014 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതിയുടെ ഗുണം ലഭിക്കും.

