കത്തിപ്പടർന്ന് സിവിൽ കോഡ് ചർച്ച
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് മുന്നോട്ടുവെച്ചതോടെ കത്തിപ്പടർന്ന് ഏക സിവിൽ കോഡ് ചർച്ച. നിയമ കമീഷന്റെ രണ്ടാം ഘട്ട അഭിപ്രായ ശേഖരണം പൂർത്തിയാകുന്നതിനു മുമ്പേ വിഷയം പ്രധാനമന്ത്രി എടുത്തിട്ടതോടെ, ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള പാർലമെന്റ് നടപടി ക്രമങ്ങൾക്ക് സർക്കാർ തുനിഞ്ഞേക്കുമെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. അതാകട്ടെ, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സിവിൽ കോഡ് ചർച്ച സജീവമാക്കി. സിവിൽ കോഡിനെക്കുറിച്ച് വ്യക്തികൾക്കും സമുദായ സംഘടനകൾക്കും മറ്റും നിയമ കമീഷനെ അഭിപ്രായമറിയിക്കാൻ അടുത്ത മാസം 14 വരെ സമയമുണ്ട്. രണ്ടാഴ്ചക്കിടയിൽ 8.5 ലക്ഷം അഭിപ്രായനിർദേശങ്ങൾ കമീഷന് കിട്ടിയതായി ചെയർമാൻ ജസ്റ്റിസ് ഋതുരാജ് അവസ്തി വെളിപ്പെടുത്തി. വിശദ കൂടിയാലോചനക്കാണ് കമീഷൻ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കമീഷന്റെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കേണ്ട സർക്കാർ, ശീതകാല പാർലമെന്റ് സമ്മേളനത്തിലേക്ക് നിയമനിർമാണ ബിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് സൂചന. ബിൽ പാസാക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും, ബി.ജെ.പി ലക്ഷ്യം വെക്കുന്നതുപോലെ തെരഞ്ഞെടുപ്പുകളിൽ അത് പ്രധാന ചർച്ചയാവും. ബി.ജെ.പിക്കെതിരെ ഐക്യത്തിന് ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് സിവിൽ കോഡിനോട് വ്യത്യസ്ത കാഴ്ചപ്പാടുള്ളത് മുതലാക്കാമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു.
ഏക സിവിൽ കോഡിനെതിരെ വിവിധ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. ഏക സിവിൽ കോഡിനെ തുറന്നെതിർക്കാതെ, ഈ സർക്കാർ അതു നടപ്പാക്കാൻ ശ്രമിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടുകയാണ് കോൺഗ്രസ്. തത്വത്തിൽ പിന്തുണക്കുന്നുവെങ്കിലും, വിപുലമായ കൂടിയാലോചനയിലൂടെ സമവായം രൂപപ്പെടുത്തണമെന്നാണ് ആം ആദ്മി പാർട്ടിയുടെ പക്ഷം. രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.
സർക്കാറിന്റെ തിടുക്കം പ്രകടമായതിനു പിന്നാലെ, സിവിൽ കോഡിനെതിരായ നിലപാട് നിയമ കമീഷനെ അറിയിക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ് നടപടി വേഗത്തിലാക്കി.
പല സമുദായങ്ങളും സംസ്കാരങ്ങളും ഇടകലർന്ന രാജ്യമാണ് ഇന്ത്യയെന്നിരിക്കേ ഭരണഘടനയുടെ അന്തഃസത്തക്ക് എതിരായ ഏക സിവിൽ കോഡ് നടപ്പാക്കുന്നത് ദോഷകരമായി ബാധിക്കുന്നത് മുസ്ലിംകളെ മാത്രമല്ല ഹിന്ദു, സിഖ്, ക്രൈസ്തവ, ജൈന, ജൂത, പാഴ്സി സമുദായങ്ങൾക്കും എതിരാണെന്ന് വ്യക്തി നിയമ ബോർഡ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

