ഏക സിവിൽ കോഡ് ബില്‍ ബംഗാൾ നിയമസഭയിലേക്ക്
text_fieldsകൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ഏക സിവിൽ കോഡ് ബില്‍ അവതരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നടപടിക്രമങ്ങൾ പാലിച്ച് നിയമനിർമാണവുമായി മുന്നോട്ട് പോകും. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മാതൃകയിലാകും ബംഗാളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിലെ പ്രധാന വിഷയങ്ങളായ സ്വത്വം, സമത്വം, മതേതരത്വം, ഭരണഘടനാ അവകാശങ്ങൾ, വ്യക്തിനിയമങ്ങളും സംസ്ഥാന അധികാരവും തമ്മിലുള്ള ബന്ധം എന്നിവ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച നിയമസഭയിൽ ചേർന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ബില്‍ അവതരണ ചര്‍ച്ച നടന്നത്.
നിയമത്തിന് മുന്നിൽ തുല്യതഉറപ്പാക്കാനും ദേശീയ ഒരുമ ശക്തിപ്പെടുത്താനും ഏക സിവിൽ കോഡ് അനിവാര്യമാണെന്നാണ് ബി.ജെ.പിയുടെ വാദം. ബി.ജെ.പി സർക്കാർ അധികാരമേറ്റ് ആറ് മാസത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
ഏക സിവിൽ കോഡ് നിയമപരമായ പ്രശ്നത്തിനപ്പുറം രാഷ്ട്രീയ പ്രശ്നമാണെന്നും ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും ചെറുത്തുനിൽപ്പ് നടത്താൻ ടി.എം.സി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി പാർട്ടിയോട് നിർദേശിച്ചു. ഭരണഘടനാ ധാർമികത, ഇന്ത്യയുടെ ബഹുസ്വരത എന്നിവ സംബന്ധിച്ച് ബിൽ വെല്ലുവിളി ഉയര്‍ത്തുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. വിപുലമായ ചർച്ചയും കൂടിയാലോചനയും വേണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

