ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമായി 'ഏകീകൃത വിവാഹ മോചന നിയമം' ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ബി.ജെ.പി നേതാവിെൻറ പൊതുതാൽപര്യ ഹരജി.
വിവാഹമോചനം അനുവദിക്കാനുള്ള കാരണങ്ങൾ, ഭരണഘടനയുടെയും അന്താരാഷ്ട്ര കീഴ്വഴക്കങ്ങളുടെയും അന്തസ്സത്ത ഉൾക്കൊള്ളും വിധം എല്ലാ വിഭാഗക്കാർക്കും ഒരു പോലെയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവായ അഡ്വ. അശ്വിനി കുമാറാണ് ഹരജി സമർപ്പിച്ചത്. വിവാഹമോചന നിയമത്തില അപാകതകൾ പരിഹരിക്കാനും ജാതി, മത, വർണ, ലിംഗ ഭേദമില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമം നടപ്പാക്കാനും കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാണ് ആവശ്യം.
'വിവാഹമോചനം അനുവദിക്കാനുള്ള കാരണങ്ങളിലെ വിവേചനം ഭരണഘടനയുടെ 14,15, 21 വകുപ്പുകളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണം, ഒപ്പം മുഴുവൻ പൗരന്മാർക്കുമായി വിവേചനമില്ലാത്ത നിയമാവലി ആവിഷ്കരിക്കുകയും വേണം. വിവാഹമോചന നിയമങ്ങൾ ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊള്ളുന്ന വിധമാണോ എന്ന് മൂന്നു മാസത്തിനകം പരിശോധിക്കാൻ നിയമ കമീഷനോട് ഉത്തരവിടണം.' -ഹരജി ആവശ്യപ്പെടുന്നു. ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതാനുയായികൾക്ക് 1955ലെ ഹിന്ദു വിവാഹ നിയമമാണുള്ളത്.