ചെന്നൈ: വിശുദ്ധ നാടായ ഇന്ത്യ ബലാത്സംഗികളുടെ തലസ്ഥാനമായി മാറിയെന്ന് മദ്രാസ് ഹൈകോടതി ജസ്റ്റിസ് കിരുഭകരൻ. ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പൂരിൽ അന്തർ സംസ്ഥാന തൊഴിലാളിയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പരിഗണിക്കുേമ്പാഴാണ് പരാമർശം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബലാത്സംഗ കേസുകളെ കുറിച്ചും ജസ്റ്റിസ് പരാമർശം നടത്തി.
തിരൂപ്പുർ ജില്ലയിലെ പല്ലടത്ത് അന്തർ സംസ്ഥാന തൊഴിലാളി സ്ത്രീ ബലാത്സംഗ ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷക എ.പി സുര്യ പ്രകാശമാണ് ഹരജി നൽകിയത്. പെൺകുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തുർ ഐ.ജിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
ജസ്റ്റിസ് എൻ.കിരുഭകരൻ, പി.വേൽമുരുകൻ എന്നിവരുൾപ്പെടുന്ന ബെഞ്ച് പെൺകുട്ടിക്ക് സൗജന്യ ചികിൽസയും, ഭക്ഷണവും , താമസസ്ഥലവും ഒരുക്കി നൽകാൻ ഉത്തരവിട്ടു. കോയമ്പത്തൂർ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും നിർദേശിച്ചു.