ജാതി യോഗ്യതക്കും മുകളിൽ, 85 ശതമാനത്തിന് പ്രാതിനിധ്യമില്ല; കേരള ആസൂത്രണ ബോർഡ് പുനഃസംഘടനക്കെതിരെ രാഹുൽ ഗാന്ധിക്ക് കത്ത്
text_fieldsന്യൂഡൽഹി: കേരളത്തിലെ 85 ശതമാനം ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാത്ത ആസൂത്രണ ബോർഡ് പുനഃസംഘടനയിൽ യോഗ്യതയേക്കാൾ ജാതിപരിഗണനയാണ് നോക്കിയതെന്ന് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ കത്ത്. കേരള ജനത മാറ്റത്തിന് വോട്ട് ചെയ്യുകയും പൊതുജന പിന്തുണയോടെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുകയും ചെയ്തപ്പോൾ വൈവിധ്യത്തിന്‍റെ, ഉൾക്കൊള്ളലിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷ ഉളവായെങ്കിലും അതൊക്കെ അസ്ഥാനത്തായെന്ന് കത്ത് കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ പ്രകീർത്തിച്ചു തുടങ്ങുന്ന കത്തിൽ രാഷ്‍ട്രീയ നിയമനങ്ങളുടെ കാര്യം വന്നപ്പോൾ ജാതിപരിഗണനക്ക് മുൻതൂക്കം നൽകിവന്ന കീഴ്‌വഴക്കമാണ് പുതിയ സർക്കാറും അവലംബിച്ചതെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടന ചൂണ്ടിക്കാട്ടി അവർ ബോധിപ്പിച്ചു. സംസ്ഥാനത്തിന്‍റെ വൈവിധ്യമാർന്ന സാമൂഹിക പശ്ചാത്തലത്തിൽ വളരെ ചെറുതും എന്നാൽ പ്രബലവുമായ വിഭാഗത്തിൽ നിന്നാണ് വൈസ് ചെയർമാന്‍റെയും നാല് വിദഗ്ധ അംഗങ്ങളുടെയും നിയമനം.
പിന്നാക്ക വിഭാഗങ്ങൾ, മുസ്‌ലീം, ദലിത് വിഭാഗങ്ങൾ, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഒ.ബി.സിക്കാർ എന്നിവയിലെല്ലാം ദേശീയവും അന്തർദേശീയവുമായ അംഗീകാരവും ബഹുമതിയുമുള്ള പ്രതിഭാധനരായ അനേകം പ്രഫഷനലുകൾ ഉള്ളപ്പോഴാണ് സമൂഹത്തിന്‍റെ വലിയൊരു വിഭാഗത്തെ അപ്പാടെ അവഗണിച്ചുകൊണ്ട് ഒരു പ്രബല ജാതി വിഭാഗത്തിൽനിന്ന് നിയമനം നടത്തിയത്. സമൂഹത്തിന്‍റെ 85 ശതമാനത്തിലേറെ വരുന്ന ജനസമൂഹമാണ് പരിഗണിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടതെന്നാണ് കത്തിലെ വിമർശനം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കത്ത് കേരള സർക്കാറിന്‍റെ ഭാഗത്തു നിന്നുള്ള ഇത്തരം നടപടികൾ അതിന് തടസ്സമാകുമെന്ന മുന്നറിയിപ്പ് നൽകുന്നു.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്‌ടർമാരായ വി.ആർ. ജോഷി, വി.എസ്. മുഹമ്മദ് ഇബ്രാഹിം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്‌ടർ ഡോ. എ.ബി. മൊയ്‌ദീൻ കുട്ടി, ശ്രീനാരായണ സേവാസംഘം പ്രസിഡന്‍റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, എം.ഇ.സി.എ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ഇ. അബ്ദുൽ റഷീദ്, വാണിക വൈശ്യ സംഘം സംസ്ഥാന പ്രസിഡന്‍റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, ന്യൂനപക്ഷ പഠന സ്ഥാപനത്തിന്‍റെ എം.ഇ.സി.എ പ്രഫ. എ.എം. റഷീദ്, എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ. സുരേഷ്, സാമൂഹ്യ പ്രവർത്തകനും സംവരണ സമുദായ മുന്നണി വൈസ് പ്രസിഡന്‍റുമായ സുദേഷ് എം. രഘു, എഴുത്തച്ഛൻ സമാജം സോഷ്യോളജിസ്റ്റ് പ്രഫ. വിജയകുമാർ, ഡോക്‌ടർ ജെസി സ്‍കറിയ, സ്വതന്ത്ര മാധ്യമപ്രവർത്തകനും രചയിതാവുമായ റജിമോൻ കുട്ടപ്പൻ
കോയമ്പത്തൂരിലെ സലിമലി സെന്‍റർ ഫോർ ഓർണിതോളജി ആൻഡ് നാച്യുറൽ ഹിസ്റ്ററി മുൻ ഡയറക്‌ടർ ഡോ. പി.എ. അസീസ് എന്നിവർ ചേർന്നാണ് കത്ത് എഴുതിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ സൽമാൻ ഖുർശിദ്, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ജയ്റാം രമേശ്, മുകുൽ വാസ്നിക് എന്നിവർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

