തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിലയിൽ: മോദി സർക്കാർ പൂഴ്ത്തിയ റിപ്പോർട്ട് പുറത്ത്
text_fieldsന്യൂഡൽഹി: കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തെന്ന് സർക്കാർ സർവേ റിപ്പോർട്ട്. മോദി സർക്കാർ പൂഴ്ത്തിവെച്ച ദേശീയ സാമ്പ്ൾ സർവേ ഒാർഗനൈസേഷെൻറ റിപ്പോർട്ട് പ്രകാരം നോട്ടു നിരോധനത്തിനുശേഷം 2017-18ൽ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി. 1972-73നു ശേഷം ആദ്യമായാണ് രാജ്യത്ത് തൊഴിലില്ലായ്മ ഇത്രയും രൂഷമായ തോതിലെത്തിയത്.
റിപ്പോർട്ട് പൂഴ്ത്തിയതിൽ പ്രതിഷേധിച്ച് ദേശീയ സ്ഥിതി വിവര കമീഷനിലെ ആക്ടിങ് ചെയർപേഴ്സൻ അടക്കമുള്ള രണ്ട് അംഗങ്ങൾ രാജിവെച്ചിരുന്നു. തൊഴിൽ റിേപ്പാർട്ട് പുറത്തുവിടാത്തതുകൊണ്ടാണ് താൻ സമിതിയിൽനിന്ന് രാജിവെച്ചതെന്ന് ആക്ടിങ് ചെയർമാൻ പി.സി. മോഹനൻ പറഞ്ഞിരുന്നു. അതിന് പിറ്റേന്നാണ് മോദി സർക്കാർ പൂഴ്ത്തി വെച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ‘ബിസിനസ് സ്റ്റാൻഡേർഡ്’ പത്രം പുറത്തുവിട്ടത്. അവസാന ബജറ്റ് പാർലമെൻറിൽ വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കേയാണ് മോദി സർക്കാറിന് കനത്ത തിരിച്ചടിയായി തൊഴിൽ സ്ഥിതി വിവരം വ്യാഴാഴ്ച പുറത്തുവന്നത്.
മോദി സർക്കാർ അധികാരമേൽക്കുന്നതിന് രണ്ടു വർഷം മുമ്പ് 2.2 ശതമാനം മാത്രമായിരുന്ന തൊഴിലില്ലായ്മയാണ് 6.1 ശതമാനത്തിലെത്തിയത്. നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ 5.3 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷങ്ങളിൽ െതാഴിലുണ്ടായിരുന്ന നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതാണ് ഇൗ വർധനക്ക് കാരണം. ഗ്രാമങ്ങളിലെ 15നും 29നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ 2011-12ലെ അഞ്ച് ശതമാനത്തിൽനിന്ന് 17.4 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നത്. ഗ്രാമീണ സ്ത്രീകളിലെ തൊഴിലില്ലായ്മ ഇതുപോലെ 4.8 ശതമാനത്തിൽനിന്ന് 13.6 ശതമാനത്തിലെത്തി.
യുവാക്കളിലെ തൊഴിലില്ലായ്മയിലും നഗരങ്ങൾ ഏെറ മുന്നിലാണ്. ഗ്രാമങ്ങളിലെ യുവാക്കളിൽ 18.7 ശതമാനമാണെങ്കിൽ നഗരങ്ങളിലിത് 27.2 ശതമാനമാണ്. വിദ്യാസമ്പന്നരായ തൊഴിൽരഹിതരായ ഗ്രാമീണ സ്ത്രീകളുടെ എണ്ണം 15.2 ശതമാനത്തിൽനിന്ന് 17.3 ശതമാനത്തിലെത്തി. വിദ്യാസമ്പന്നരായ ഗ്രാമീണ പുരുഷന്മാർ 4.4ൽനിന്ന് 10.5 ശതമാനത്തിലുമെത്തി. രാജ്യത്ത് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 2011-12ലെ 39.5 ശതമാനത്തിൽനിന്ന് 36.9 ശതമാനമായി കുറെഞ്ഞന്നും റിപ്പോർട്ട് വ്യക്തമാക്കി. 2016 നവംബർ എട്ടിലെ കറൻസി നിരോധനത്തിന് ശേഷമുള്ള ആദ്യ തൊഴിൽ റിപ്പോർട്ടാണിത്. കറൻസി നിരോധനത്തിന് കഴിഞ്ഞ വർഷം മാത്രം 1.1 കോടി തൊഴിലുകൾ നഷ്ടമായതായി ‘സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി’ എന്ന സ്വതന്ത്ര ഏജൻസി പുറത്തുവിട്ട പഠനം വെളിപ്പെടുത്തിയിരുന്നു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ‘നോമോ’ ജോബ്സ് എന്ന് ട്വീറ്റ് ചെയ്ത് ‘നമോ’ എന്ന് അനുയായികൾ വിളിക്കുന്ന മോദിയെ പരിഹസിച്ചു. വർഷം തോറും രണ്ടു കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്ന മോദിയുടെ തൊഴിൽ റിപ്പോർട്ട് കാർഡ് ദുരന്തപൂർണമാണെന്നും ‘നമോ’ പോകേണ്ട സമയമായെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.അതേസമയം, ഒാേരാ മൂന്നു മാസത്തെയും സ്ഥിതി വിവരം കിട്ടാതെ തൊഴിലുകളിലെയും തൊഴിലില്ലായ്മയിലെയും മാറ്റം കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിെൻറ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
