കുംഭമേളയുടെ മറവിൽ മരംമുറിച്ച് ഭൂമി നിരപ്പാക്കുന്നത് ഇഷ്ടക്കാരായ വ്യവസായികൾക്ക് ദാനം ചെയ്യാനെന്ന് -രാജ് താക്കറെ
text_fieldsരാജ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് നഗരത്തിൽ കുംഭമേളക്ക് മുമ്പ് ‘സാധു ഗ്രാം’ നിർമിക്കാൻ മരങ്ങൾ മുറിക്കുന്നതിനെ എംഎൻഎസ് മേധാവി രാജ് താക്കറെ എതിർത്തു. വിഷയം കൂടുതൽ വഷളാകാൻ ബി.ജെ.പി സർക്കാർ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഭരണസഖ്യത്തിന്റെ ഭാഗമായ എൻസിപി അംഗവും നടനുമായ സയാജി ഷിൻഡെ, മരങ്ങൾ മുറിക്കാനുളള നീക്കവുമായി സർക്കാർ മുന്നോട്ടുപോയാൽ താൻ എതിർക്കുമെന്ന് പറഞ്ഞു. സർക്കാർ അവസരവാദത്തിൽ ഏർപ്പെടുന്നുവെന്ന് ശനിയാഴ്ച രാജ് താക്കറെ പ്രസ്താവനയിൽ ആരോപിച്ചു. കുംഭമേളയുടെ മറവിൽ മരങ്ങൾ മുറിച്ചുമാറ്റാനും പിന്നീട് അവരുടെ പ്രിയപ്പെട്ട വ്യവസായികൾക്ക് ഭൂമി ദാനം ചെയ്യാനുമാണ് അവരുടെ പദ്ധതിയെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി പറഞ്ഞു.
2026 ഒക്ടോബർ 31 മുതൽ ആരംഭിക്കുന്ന കുംഭമേളക്ക് മുന്നോടിയായി തപോവൻ പ്രദേശത്ത് 1,200 ഏക്കറിലാണ് സാധു ഗ്രാം ആസൂത്രണം ചെയ്യുന്നത്. നൂറ് വർഷത്തിലധികം പഴക്കമുള്ള1,700 ഓളം മരങ്ങൾ ഈ മാസം ആദ്യം നീക്കം ചെയ്യുന്നതിനായി അടയാളപ്പെടുത്തിയിരുന്നു.മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് നാസിക് മുനിസിപ്പൽ കോർപറേഷൻ നൽകിയ നോട്ടീസിൽ നൂറുകണക്കിന് എതിർപ്പുകൾ ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന എതിർപ്പുകളെക്കുറിച്ചുള്ള ഒരു വാദം കേൾക്കലിൽ, പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും നിർദിഷ്ട മരം മുറിക്കൽ നീക്കത്തെ ശക്തമായി എതിർത്തതിനാൽ, കലുഷിതമായ അന്തരീക്ഷം സംജാതമായിരുന്നു.
നാസിക്കിൽ കുംഭമേള നടക്കുന്നത് ഇതാദ്യമല്ലെന്ന് രാജ് താക്കറെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേന നാസിക്കിൽ അധികാരത്തിലിരുന്നപ്പോൾ, അന്ന് നിരവധി അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അക്കാലത്ത്, ഭരണകൂടങ്ങൾ മികച്ച ആസൂത്രണം സാധ്യമാക്കാൻ ആളുകളുണ്ടായിരുന്നു, നാസിക്കിൽ അധികാരത്തിലിരുന്നപ്പോൾ, മരങ്ങൾ മുറിക്കേണ്ടതിന്റെ ആവശ്യകത എം.എൻ.എസിന് തോന്നിയിട്ടുമില്ലെന്ന്" അദ്ദേഹം പറഞ്ഞു.പുതിയ മരങ്ങൾ മറ്റൊരു സ്ഥലത്ത് നടുമെന്ന് സർക്കാർ പൊള്ളയായ ഉറപ്പ് നൽകരുത്, കാരണം അത് ഒരിക്കലും സംഭവിക്കില്ല. മറ്റെവിടെയെങ്കിലും അഞ്ചിരട്ടി മരങ്ങൾ നടാൻ സ്ഥലമുണ്ടെങ്കിൽ, അവിടെ സാധു ഗ്രാം നിർമ്മിച്ചുകൂടെയെന്നും കുംഭമേളയുടെയും സന്ന്യാസിമാരുടെയും പേരുപറഞ്ഞ് മരങ്ങൾമുറിച്ച് ഭൂമിനിരപ്പാക്കി അവരുടെ ഇഷ്ടക്കാരായ വ്യവസായികൾക്ക് ദാനം ചെയ്യുകയെന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് താക്കറെ പറഞ്ഞു.
ഭൂമി "വിഴുങ്ങുക" അല്ലെങ്കിൽ വ്യവസായികളുടെ ദല്ലാളന്മാരായി പ്രവർത്തിക്കുക എന്നതാണ് മഹാരാഷ്ട്രയിൽ മന്ത്രിമാരും എംഎൽഎമാരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മരങ്ങൾ മുറിക്കൽ ഹിന്ദുത്വത്തിന്റെ പേരിലുള്ള അഴിമതിയാണ്. ബിജെപിയുടെ ഹിന്ദുത്വം വ്യാജമാണ്, കരാറുകാർക്ക് പ്രയോജനപ്പെടുന്നതിനായി മരങ്ങൾ മുറിക്കുകയാണെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു. മരങ്ങൾ ഭാവിതലമുറയുടെ സമ്പത്താണെന്നും മരംമുറിക്കുന്നത് ആവാസവ്യവസ്ഥയെതന്നെ ബാധിക്കുമെന്നും രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ ഈ വിഷയത്തിൽ ഞങ്ങൾ സർക്കാറിനെതിരെ പോകുമെന്നും നടൻ സായാജി ഷിൻഡേയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

