പത്തു വർഷത്തെ മോദി ഭരണത്തോടെ രാജ്യത്ത് വേദനയും ദുരിതവും മാത്രം ബാക്കി - മനീഷ് തിവാരി
text_fieldsന്യൂഡൽഹി: പത്തു വർഷത്തെ നരേന്ദ്ര മോദി ഭരണത്തോടെ ഭൂമിയിൽ വേദനയും ദുരിതവും മാത്രം ബാക്കിയായെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റുകൾ നേടുമെന്നത് ബി.ജെ.പിയുടെ ധാർഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പൊതുതിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴചവെക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. എൻ.ഡി.എക്ക് 400 സീറ്റും ബി.ജെ.പിക്ക് 370 സീറ്റും ലഭിക്കുമെന്ന പാർട്ടിയുടെ പ്രഖ്യാപനം വ്യക്തമാക്കുന്നത് നേതാക്കളുടെ അഹന്തയും ധാർഷ്ട്യവുമാണ്. ഒരു പാർട്ടിയുടെയും വ്യക്തിയുടേയും ഏറ്റവും വലിയ ശത്രുവാണ് ധാർഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ രാമക്ഷേത്രം ബി.ജെ.പിയുടെ വോട്ട് വർധിപ്പിക്കുമോ എന്ന ചോദ്യത്തിന് പത്തുവർഷം നീണ്ട പ്രവർത്തിപരിചയം മുൻനിർത്തി ബി.ജെ.പി വോട്ട് ചേദിക്കാൻ ഭയപ്പെടുന്നത് എന്ചുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെബ്രുവരി ആദ്യം നടന്ന പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ മോദി സർക്കാരിൻ്റെ സാമ്പത്തിക പ്രകടനത്തെ തിവാരി രൂക്ഷമായി വിമർശിച്ചിരുന്നു. അടുത്തിടെ ആം ആദ്മിയും കോൺഗ്രസും തമ്മിലുള്ള സഖ്യത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാൻ ബി.ജെ.പി തീരുമാനിക്കും മുമ്പ് ജമ്മു കശ്മീരിൽ ബി.ജെ.പിയും പി.ഡി.പിയും സഖ്യത്തിലായിരുന്നുവെന്നും പിന്നീട് പി.ഡി.പി അംഗങ്ങളെ തുറങ്കിലാക്കുകയായിരുന്നുവെന്നും തിവാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

