പാചകവാതക ഇറക്കുമതിയിലെ അനിശ്ചിതത്വം; എൽ.പി.ജിക്ക് പകരക്കാരനെ തേടി ഇന്ത്യൻ അടുക്കളകൾ
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും പാചകവാതക ലഭ്യതയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ എൽ.പി.ജിക്ക് പകരമായി മറ്റ് ഊർജ്ജസ്രോതസ്സുകളിലേക്ക് മാറാനൊരുങ്ങി രാജ്യം. ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ അസ്ഥിരത രാജ്യത്തെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് പകരക്കാരെ കണ്ടെത്താനുള്ള നീക്കം സജീവമായത്.
നിലവിൽ രാജ്യത്തെ എൽ.പി.ജി ഉപഭോഗത്തിന്റെ 55 മുതൽ 59 ശതമാനം വരെ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഉപഭോഗം 31.3 ദശലക്ഷം ടണ്ണായി ഉയർന്നപ്പോൾ ആഭ്യന്തര ഉൽപ്പാദനം 12.8 ദശലക്ഷം ടണ്ണിൽ ഒതുങ്ങി. ഈ വലിയ വിടവ് നികത്താൻ 20.8 ദശലക്ഷം ടൺ വാതകമാണ് ഇറക്കുമതി ചെയ്തത്. ആഗോള വിപണിയിലെ ചലനങ്ങൾ നേരിട്ട് അടുക്കളകളെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിവിധ ബദൽ മാർഗങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
നഗരങ്ങളിൽ പൈപ്പ് ലൈൻ വഴി നേരിട്ടെത്തുന്ന പി.എൻ.ജി പദ്ധതിക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. കുറഞ്ഞ മർദ്ദത്തിൽ പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമാണെന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. നിലവിൽ 1.6 കോടി പി.എൻ.ജി കണക്ഷനുകൾ രാജ്യത്തുണ്ട്. ഇതിന് പുറമെ വൈദ്യുതി ഉപയോഗിച്ചുള്ള ഇൻഡക്ഷൻ കുക്കിങും വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു. എൽ.പി.ജിയേക്കാൾ 37 ശതമാനവും പി.എൻ.ജിയേക്കാൾ 14 ശതമാനവും ലാഭകരമാണ് വൈദ്യുതി ഉപയോഗിച്ചുള്ള പാചകമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ ജൈവമാലിന്യങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ്, കംപ്രസ്ഡ് ബയോഗ്യാസ് എന്നിവയ്ക്ക് മുൻഗണന നൽകുന്നു. സൗരോർജ്ജം ഉപയോഗിച്ചുള്ള പാചകവും അടുക്കളകളിൽ ഇതിനകം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന എഥനോൾ പാചകത്തിന് ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളും ഐ.ഐ.ടികളിൽ നടക്കുന്നു. അടുത്ത 10-15 വർഷത്തിനുള്ളിൽ എൽ.പി.ജിയെ മാത്രം ആശ്രയിക്കുന്നതിന് പകരം സൗകര്യത്തിനും ലഭ്യതയ്ക്കും അനുസരിച്ച് പലതരം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന രീതിയിലേക്ക് ഇന്ത്യൻ അടുക്കളകൾ മാറുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

