അവശ്യസാധനങ്ങളും മരുന്നും കിട്ടാനില്ല; മണിപ്പൂരിൽ സ്ഥിതി രൂക്ഷം
text_fieldsചുരാചന്ദ്പുർ (മണിപ്പൂർ): റോഡ് ഉപരോധം മൂലം ചരക്ക് നീക്കം നിലച്ചതോടെ മണിപ്പൂരിൽ അവശ്യസാധന, മരുന്ന് ക്ഷാമം രൂക്ഷം. കേന്ദ്രസർക്കാറിന്റെ അഭ്യർഥനയെ തുടർന്ന് കുക്കി വിഭാഗം പ്രധാന ഹൈവേ ഉപരോധം അവസാനിപ്പിച്ചെങ്കിലും മെയ്തേയി വിഭാഗക്കാർ ഇതിന് തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഏറ്റവുമധികം കുക്കി ജനസംഖ്യയുള്ള ചുരാചന്ദ്പുർ ജില്ലയാണ് കെടുതികൾ കൂടുതലായും അനുഭവിക്കുന്നത്. 10,000ഓളം പേർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ മുടങ്ങി. ഡയാലിസിസ് നടക്കുന്നില്ല. അർബുദം, എയ്ഡ്സ് രോഗങ്ങൾക്കുള്ള മരുന്നുകളും ലഭ്യമല്ല.
വെടിവെപ്പിൽ പരിക്കേറ്റ് വരുന്നവരുടെ ശരീരത്തിൽനിന്ന് വെടിയുണ്ടകൾ നീക്കം ചെയ്യാനാകുന്നില്ല. സർജന്മാരുടെ അഭാവമാണ് കാരണം. ശനിയാഴ്ച വരെ 288 പേരാണ് വെടിവെപ്പിൽ പരിക്കേറ്റ് ജില്ല ആശുപത്രിയിലെത്തിയത്. ക്ഷാമം രൂക്ഷമായതിനാൽ അവശ്യസാധന വില കുതിച്ചുയരുകയാണ്. റോഡ് ഉപരോധം മൂലം അയൽ സംസ്ഥാനമായ മിസോറാമിൽനിന്നുള്ള ചരക്കുനീക്കം നിലച്ചു. അതിനിടെ, മണിപ്പൂർ അഭയാർഥി ക്യാമ്പുകൾക്കായി 10 കോടി രൂപ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് മിസോറം ആഭ്യന്തര മന്ത്രി ലാൽചംലിയാന ആരോപിച്ചു.
12,300 പേരാണ് മിസോറമിൽ അഭയാർഥികളായി കഴിയുന്നത്. ധനസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മിസോറം മുഖ്യമന്ത്രി കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

