വായ്പ തിരിച്ചടയ്ക്കാനാകാതെ തെലങ്കാനയിൽ കർഷകൻ ജീവനൊടുക്കി; ഉത്തരവാദി സർക്കാരെന്ന് ബി.ആർ.എസ്
text_fieldsഹൈദരാബാദ്: വായ്പ തിരിച്ചടയ്ക്കാനാകാത്തതിനെ തുടർന്ന് കർഷകൻ ബാങ്കിന് മുന്നിൽ ജീവനൊടുക്കി. തെലങ്കാനയിലെ സെയ്ദുപൂർ സ്വദേശി നഗോറാവു (48) ആണ് മരിച്ചത് . വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥർ മർദിച്ചതിനെ തുടർന്നാണ് നാഗോറാവു ബാങ്കിന് മുന്നിലെത്തി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
പട്ടണത്തിലെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ശാഖയിലെത്തിയ നാഗോറാവു കയ്യിൽ കരുതിയ കീടനാശിനി ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് കുടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കീടനാശിനി കഴിച്ച ഉടൻതന്നെ നാഗോറാവുവിനെ അദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാങ്കിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.
മൂന്ന് വർഷം മുമ്പ് നാഗോറാവു തൻ്റെ 5 ഏക്കർ സ്ഥലം പണയം വെച്ച് 3.50 ലക്ഷം രൂപ വ്യക്തിഗത വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം രണ്ട് ഗഡുക്കളായ 25,000 രൂപ വീതം നൽകുന്നതിൽ നാഗോറാവു കാലതാമസം വരുത്തി. വായ്പ തിരിച്ചടവ് വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥർ നാഗോറാവുവിൻ്റെ വീട്ടിൽ എത്തുകയും മർദിക്കുകയും ചെയ്തു.
അതേസമയം കർഷകൻ്റെ ആത്മഹത്യയിൽ ബി.ആർ.എസ് വർക്കിങ് പ്രസിഡൻ്റ് കെ. ടി. രാമറാവു കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും കർഷകർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഈ സംഭവത്തിലൂടെ വ്യക്തമാണെന്നും കെ. ടി. രാമറാവു ആരോപിച്ചു. നഗോറാവുവിൻ്റെ മരണത്തിന് മുഖ്യമന്ത്രിയും കാരണക്കാരനാണെന്ന് രാമറാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

