ഭർത്താവ് വീടുവിട്ടതോടെ ജീവിതം വഴിമുട്ടി; രണ്ടു മാസം പ്രായമായ കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റിൽ
text_fieldsഹൈദരാബാദ്: രണ്ടു മാസം പ്രായമായ കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വാക്കുതർക്കത്തിനെ തുടർന്ന് ഇവരുടെ ഭർത്താവ് വീടുവിട്ടിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ വിറ്റത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ വന്നതോടെയാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി വെളിപ്പെടുത്തി.
യുവതിയും ഭർത്താവായ അബ്ദുൽ മുജാഹിദും ആഗസ്റ്റ് മൂന്നിന് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഭർത്താവ് വീടുവിട്ടിറങ്ങി. ആഗസ്റ്റ് എട്ടിന് ഇയാൾ തിരികെയെത്തിയപ്പോൾ വീട്ടിൽ കുഞ്ഞുണ്ടായിരുന്നില്ല. തുടർന്നാണ് കുഞ്ഞിനെ 45,000 രൂപക്ക് അഘാപുരയിലെ ദമ്പതികൾക്ക് വിറ്റതായി യുവതി വെളിപ്പെടുത്തിയത്.
അബ്ദുൽ മുജാഹിദ് ദമ്പതികളെ കണ്ടെത്തി കുഞ്ഞിനെ തിരികെ തരാൻ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റതായാണ് ഇവർ പറഞ്ഞത്. തുടർന്ന് മുജാഹിദ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് കുഞ്ഞിനെ വാങ്ങിയവരെ കണ്ടെത്തി തിരികെ നൽകി. സംഭവത്തിൽ യുവതിക്കും അഞ്ച് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.