‘ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്തത് 55 ശതമാനം വഖഫ് സ്വത്തുക്കൾ’
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമപ്രകാരം നിലവിൽവന്ന ഉമീദ് പോർട്ടലിൽ ഇതുവരെ 50 മുതൽ 55 ശതമാനം വരെ വഖഫ് സ്വത്തുക്കളുടെ വിവരം മാത്രമാണ് അപ്ലോഡ് ചെയ്യാൻ കഴിഞ്ഞതെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. രേഖകളിലെ അപൂർണതയാണ് പ്രക്രിയ വൈകാൻ കാരണമെന്നും രേഖകളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി ഉണ്ടെന്ന് കാണിക്കുന്നുണ്ടെങ്കിലും യാഥാർഥത്തിൽ ഭൂമി അവിടെ കാണാനില്ലാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതൊരു കഠിനമായ പ്രക്രിയയാണെന്നും എന്നാൽ കൃത്യമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മുനമ്പം ഭൂമി വിഷയം നിയമ മന്ത്രാലയത്തിന്റെ പരിശോധനയിലാണെന്നും അധികാരികളുടെ വീഴ്ചയോ തെറ്റായ കൈകാര്യം ചെയ്യലോ കാരണം ഒരു പൗരനും അനീതി നേരിടേണ്ടി വരരുതെന്നാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാറിന്റെ 12 വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന സ്കോളർഷിപ് തട്ടിപ്പുകളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം കാരണം ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാജ സ്ഥാപനങ്ങളെ ഒഴിവാക്കി സ്കോളർഷിപ് പുനരാരംഭിക്കാൻ അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

