Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമീദ് പോർട്ടൽ: 11%...

ഉമീദ് പോർട്ടൽ: 11% വഖഫ് അപേക്ഷകൾ തള്ളി; ഉത്തർപ്രദേശിൽ കൂടുതൽ തിരസ്കരണം

text_fields
bookmark_border
ഉമീദ് പോർട്ടൽ: 11% വഖഫ് അപേക്ഷകൾ തള്ളി; ഉത്തർപ്രദേശിൽ കൂടുതൽ തിരസ്കരണം
cancel

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഡിജിറ്റലാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച 'ഉമീദ്' പോർട്ടലിൽ സമർപ്പിച്ച അപേക്ഷകളിൽ 11 ശതമാനവും തള്ളിയതായി റിപ്പോർട്ട്. രജിസ്ട്രേഷനായി അപ്‌ലോഡ് ചെയ്ത 7,95,784 വഖഫ് സ്വത്തുക്കളിൽ 5,87,804 എണ്ണം മാത്രമാണ് അംഗീകരിച്ചത്. 88,571 അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തള്ളിക്കളഞ്ഞു. ഈ സ്വത്തുക്കളുടെ തുടർനടപടികൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വഖഫ് സ്വത്ത് രജിസ്ട്രേഷൻ അപേക്ഷകൾ ഏറ്റവും കൂടുതൽ തള്ളിയത് ഉത്തർപ്രദേശിലാണ്. രാജ്യത്താകെ തള്ളിയ അപേക്ഷകളിൽ 36 ശതമാനവും (31,783 എണ്ണം) ഉത്തർപ്രദേശിൽ നിന്നാണ്. പശ്ചിമ ബംഗാളിൽ 14,134 അപേക്ഷകളും (16%) രാജസ്ഥാനിൽ 12,080 അപേക്ഷകളും (13%) തള്ളപ്പെട്ടു.

അപേക്ഷകൾ തള്ളിയതിന്റെ നിരക്ക് പരിശോധിക്കുമ്പോൾ രാജസ്ഥാനാണ് മുന്നിൽ (37%). തമിഴ്‌നാട് (26%), ഉത്തർപ്രദേശ് (22.23%) എന്നിവയാണ് തൊട്ടുപിന്നിൽ. ഉത്തർപ്രദേശിൽ സുന്നി വഖഫ് ബോർഡിലേക്ക് ലഭിച്ച 1.52 ലക്ഷം അപേക്ഷകളിൽ 29,724 എണ്ണവും ഷിയ വഖഫ് ബോർഡിലെ 8,171 അപേക്ഷകളിൽ 2,059 എണ്ണവും തള്ളപ്പെട്ടു.

2025 ജൂൺ ആറിനാണ് വഖഫ് സ്വത്തുക്കൾ ജിയോ-ടാഗ് ചെയ്ത് ഡിജിറ്റൽ ഇൻവെന്ററി തയ്യാറാക്കുന്നതിനായി 'ഉമീദ്' പോർട്ടൽ നിലവിൽ വന്നത്. വഖഫ് ഭേദഗതി നിയമം 2025-ന്റെ ഭാഗമായാണ് പോർട്ടൽ കൊണ്ടുവന്നത്. എന്നാൽ, പോർട്ടലിന്റെ പ്രവർത്തനം തുടക്കം മുതൽ സാങ്കേതിക തകരാറുകൾ മൂലം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മത്തവല്ലിമാർക്ക് (പരിപാലകർ) കൃത്യസമയത്ത് രേഖകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യം പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അപേക്ഷകൾ തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് എം.പിമാരായ ഡോ. മുഹമ്മദ് ജാവേദ്, സയ്യിദ് നസീർ ഹുസൈൻ എന്നിവർ രംഗത്തെത്തി. നടപടിക്രമങ്ങളിലെ സുതാര്യതയും നിലനിൽപ്പും സംബന്ധിച്ച് ഗുരുതരമായ ആശങ്കകളാണ് ഇത് ഉയർത്തുന്നത്. അപേക്ഷകൾ തള്ളാനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്നും രേഖകളിലെ പിഴവുകൾ തിരുത്താൻ അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭൂമി രേഖകളുടെ ഗുണനിലവാരം, മുത്തവല്ലിമാരുടെ അവബോധം, വഖഫ് സ്വത്തുക്കളുടെ എണ്ണം എന്നിവയിലുള്ള വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്കിലുള്ള വ്യത്യാസത്തിന് കാരണമെന്നാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വാദം. കൃത്യമായ ഭൂമി രേഖകളുള്ള സംസ്ഥാനങ്ങളിൽ അംഗീകാര നിരക്ക് കൂടുതലാണെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു. രാജ്യത്ത് ആകെ 8.8 ലക്ഷം വഖഫ് സ്വത്തുക്കളാണുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഉള്ളത് (2.4 ലക്ഷം). പശ്ചിമ ബംഗാൾ (80,480), പഞ്ചാബ് (75,511), തമിഴ്‌നാട് (66,092), കർണാടക (65,242) എന്നിവയാണ് തൊട്ടുപിന്നിൽ.

വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ ഈ നിയമം അട്ടിമറിക്കുന്നുവെന്നും സർക്കാർ നിയന്ത്രണം വർധിപ്പിക്കുന്നുവെന്നും മുസ്‍ലിം സംഘടനകളും നിയമവിദഗ്ധരും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അപേക്ഷകർക്ക് തള്ളിയ അപേക്ഷകൾ പുനഃപരിശോധിക്കാൻ സുതാര്യമായ പരാതി പരിഹാര സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqaf BoardUttar Pradeshrejection
News Summary - UMED Portal: 11% of Waqf Applications Rejected; Uttar Pradesh Records Highest Dismissals
Next Story