ഡൽഹി സ്ഫോടനം: കാറോടിച്ചത് ഉമർ തന്നെ, ഡി.എൻ.എ സ്ഥിരീകരിച്ച് അന്വേഷണ ഏജൻസികൾ
text_fieldsന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനമുണ്ടായ കാർ ഓടിച്ചിരുന്നത് ഉമർ ഉൻ നബി തന്നെയെന്ന് ഡി.എൻ.എ ഫലങ്ങൾ. സംഘം വലിയ തോതിലുള്ള ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്നും എൻ.ഐ.എ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം ലക്ഷ്യമിട്ട് ഒരു ഐ20, ചുവന്ന എക്കോ സ്പോർട്ട്, ബ്രെസ്സ എന്നിങ്ങനെ മൂന്ന് കാറുകൾ ഉമറിന്റെ നേതൃത്വത്തിൽ വാങ്ങിയിരുന്നുവെന്നും എൻ.ഐ.എ അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20ക്ക് പുറമെ സംഘം വാങ്ങിയ ചുവന്ന എക്കോ സ്പോർട്ട് കാർ ബുധനാഴ്ച ഫരീദാബാദിൽ കണ്ടെത്തിയിരുന്നു. ബ്രെസ്സ കാർ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
ഡൽഹിക്ക് പുറമെ, ജനസാന്ദ്രതയേറിയ മറ്റിടങ്ങളിലും സ്ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നാണ് എൻ.ഐ.എ ആരോപിക്കുന്നത്. അമോണിയം നൈട്രേറ്റും ആർ.ഡി.എക്സും ചേർന്ന മിശ്രിതം സ്ഫോടനത്തിന് ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച പദാർഥം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും എൻ.ഐ.എ അധികൃതർ പറയുന്നു. ചെങ്കോട്ടക്കുമുന്നിലെ നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽ കാർ എത്തുന്നതും പിന്നാലെ സ്ഫോടനം നടക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം ഭീകരാക്രമണം തന്നെയെന്ന് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരുന്നു. കുറ്റക്കാരെയും പിന്നിലുള്ളവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകി.
പത്തംഗ എൻ.ഐ.എ സംഘമാണ് സ്ഫോടനം അന്വേഷിക്കുന്നത്. എൻ.ഐ.എ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഐ.ജി, രണ്ട് ഡി.ഐ.ജിമാർ, മൂന്ന് എസ്.പിമാർ, ഡി.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. പൊട്ടിത്തെറിച്ച ഐ20 കാറിൽ ഉമർ നബി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനത്തിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 27 പേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

