ജയ്പുർ: ഗോരക്ഷ ഗുണ്ടകൾ രാജസ്ഥാനിലെ ആൽവാറിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാലുപേർകൂടി അറസ്റ്റിൽ. 35കാരനായ ഉമർ ഖാനെ കൊന്നതിന് ദശ്രഥ് ഗുർജാർ (24), കുശിറാം ഗുർജാർ (35), റോഹ്താഷ് ഗുർജാർ (24), ബുണ്ടി എന്ന സൂരജ്ഭാൻ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആൽവാർ സൗത്ത് സർക്കിൾ ഒാഫിസർ അനിൽ ബെനിവാൾ അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കഴിഞ്ഞവർഷം നവംബർ 12നാണ് റാംപുർ മേഖലയിലെ റെയിൽവേ ട്രാക്കിന് സമീപം ഉമർ ഖാെൻറ മൃതദേഹം കണ്ടെത്തിയത്. സൂരജ്ഭാൻ, കുശിറാം എന്നിവരിൽനിന്ന് രണ്ട് നാടൻ പിസ്റ്റളുകൾ പിടിച്ചെടുത്തു. ദശ്രഥ്, കുശിറാം, റോഹ്താഷ് എന്നിവരെ ജനുവരി മൂന്നിനും സൂരജ്ഭാനെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. കലാപം, കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഹരിയാനയിലെ മേവാത് സ്വദേശിയായ ഉമര്‍ ഖാന്‍ സുഹൃത്തുക്കളായ തഹിര്‍ ഖാന്‍, ജാവേദ് ഖാന്‍ എന്നിവര്‍ക്കൊപ്പം രാജസ്ഥാനിലെ ഭരത്പുരില്‍നിന്ന് കാലികളെ വാങ്ങി മടങ്ങവേയാണ് ഗോരക്ഷ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്.