തിഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് കോവിഡ് മുക്തനായി; തടവറയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഡൽഹി കലാപത്തിലെ ഗൂഡാലോചന കുറ്റം ചുമത്തി തിഹാർ ജയിലിൽ അടച്ച ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് ഉമർ ഖാലിദ് കോവിഡ് മുക്തനായി. ഏപ്രിൽ 24നായിരുന്നു 33കാരനായ ഉമർ ഖാലിദിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയതിനെ തുടർന്ന് ഉമറിനെ തടവറയിലേക്ക് മാറ്റി.
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉമറിനെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിൽ സമ്പർക്കവിലക്കിലാക്കിയിരുന്നു. മെഡിക്കൽ സേവനം ലഭ്യമാക്കിയിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 15ന് സെഷൻസ് കോടതി അദ്ദേഹത്തിന് ഒരു കേസിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ യു.എ.പി.എ ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല.
രാജ്യത്ത് കോവിഡ് കണക്കുകൾ ആശ്വാസത്തിന് വകനൽകാതെ ഉയർന്ന നിരക്കിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4120 പേർ മരിക്കുകയും ചെയ്തു. 3,52,181 പേർ രോഗമുക്തി നേടി.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665 ആയി. 2,58,317 പേരാണ് ആകെ മരിച്ചത്. നിലവിൽ 37,10,525 പേർ ചികിത്സയിൽ തുടരുന്നുണ്ട്.