Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദിന് മൂന്നു...

ഉമർ ഖാലിദിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം; ചികിത്സയിലുള്ള മാതാവിനെ കാണാൻ അനുമതി

text_fields
bookmark_border
ഉമർ ഖാലിദിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം; ചികിത്സയിലുള്ള മാതാവിനെ കാണാൻ അനുമതി
cancel

ന്യൂഡൽഹി: ആക്ടിവിസ്റ്റും മുൻ ജെ.എൻ.യു വിദ്യാർഥി നേതാവുമായ ഉമർ ഖാലിദിന് ഡൽഹി ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ കാണാനായി ജൂൺ ഒന്നു മുതൽ മൂന്നുവരെ മൂന്നു ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്.

രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനും മരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി ഉമർ ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ നേരത്തെ ഡൽഹി വിചാരണ കോടതി തള്ളിയിരുന്നു. 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നത് തടവിലുള്ള പ്രതിക്ക് ജാമ്യം അനുവദിക്കാൻ തക്ക അടിയന്തര പ്രാധാന്യമുള്ള കാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അമ്മയുടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ, അവരെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന്റെ പിതാവും സഹോദരിമാരും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ പുറത്തുണ്ടെന്ന പ്രൊസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

പിന്നാലെയാണ് ഹൈകോടതിയെ സമീപിച്ചത്. കർശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും മാതാവിനെ പരിചരിക്കാൻ മറ്റ് കുടുംബാംഗങ്ങൾ ഉണ്ടെന്നുമുള്ള വിചാരണ കോടതിയുടെ നിരീക്ഷണങ്ങളും തെറ്റാണെന്നും നിലനിൽക്കാത്തതാണെന്നും ഖാലിദ് അപ്പീലിൽ ചൂണ്ടിക്കാട്ടി. കുടുംബപരമായ ആവശ്യങ്ങൾക്കായി 2022, 2024, 2025 വർഷങ്ങളിൽ തനിക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്നെല്ലാം എല്ലാ നിബന്ധനകളും താൻ പാലിച്ചിട്ടുണ്ടെന്നും ഖാലിദ് കോടതിയെ ബോധിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഉമർ ഖാലിദ് എന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ പ്രകാരം 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ കോടതി ഉത്തരവുകളിൽ സുപ്രീം കോടതി ബെഞ്ച് ശക്തമായ വിയോജിപ്പ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.

യു.എ.പി.എ, പി.എം.എൽ.എ തുടങ്ങിയ കടുത്ത നിയമങ്ങളാണെങ്കിൽ പോലും വിചാരണ നീണ്ടുപോകുകയും പ്രതികൾ ദീർഘകാലം തടവിൽ കഴിയേണ്ടി വരികയും ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന വിധി ഉമർ ഖാലിദിന്റെയും ഇമാമിന്റെയും കാര്യത്തിൽ പിന്തുടരാത്തതിനെതിരെയാണ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ദേശീയ സുരക്ഷയെയോ തീവ്രവാദ കുറ്റകൃത്യങ്ങളെയോ ബാധിക്കുന്ന കേസുകളിൽ ഈ തത്വങ്ങൾ എങ്ങനെ ബാധകമാക്കണമെന്ന് നിയമങ്ങൾക്ക് നിശ്ചയിക്കാമെങ്കിലും, വ്യക്തിസ്വാതന്ത്ര്യവും തടങ്കലും തമ്മിലുള്ള ഭരണഘടനാപരമായ സന്തുലിതാവസ്ഥയെ പൂർണ്ണമായി തകിടം മറിക്കാൻ അത്തരം നിയമങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khalid
News Summary - Umar Khalid gets 3-day interim bail for mother’s surgery
Next Story