ഉമർ ഖാലിദ് ഡോക്യുമെന്ററി പ്രദർശനം; നാഷണൽ ലോ സ്കൂൾ യൂനിവേഴ്സിറ്റിയിൽ എ.ബി.വി.പി പ്രതിഷേധം
text_fieldsബെംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയിൽ (എൻ.എൽ.എസ്.ഐ.യു) ഉമർ ഖാലിദിനെക്കുറിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ എ.ബി.വി.പി പ്രതിഷേധം. യൂനിവേഴ്സിറ്റിയിലെ ‘ലോ ആൻഡ് സൊസൈറ്റി കമ്മിറ്റി’ എന്ന വിദ്യാർഥി സമിതിയാണ് രാഷ്ട്രീയ തടവുകാരുടെ ദിനത്തോടനുബന്ധിച്ച് ലളിത് വാചാനി സംവിധാനം ചെയ്ത 'Prisoner No. 626710 is Present' എന്ന ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ഉമർ ഖാലിദിന്റെ ആറു വർഷത്തെ ജയിൽ വാസത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് ശേഷം ‘വിചാരണക്ക് മുനപുള്ള തടങ്കൽ’, ‘വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശം’ എന്നീ വിഷയങ്ങളെ കുറിച്ചുള്ള പാനൽ ചർച്ചയും നിശ്ചയിച്ചിരുന്നു. എന്നാൽ, ഡൽഹി കലാപക്കേസുകൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന വ്യക്തിയെ അനുകൂലിച്ചുള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കലാലയ അന്തരീക്ഷം വിട്ടുനൽകരുതെന്നാരോപിച്ച് എ.ബി.വി.പി പ്രതിഷേധവുമായി രംഗത്തെത്തി.
ഉമർ ഖാലിദിന്റെ തടങ്കൽ ജീവിതവും നിയമപോരാട്ടവുമാണ് 'Prisoner No. 626710 is Present' എന്ന ഡോക്യുമെന്ററിയുടെ പ്രധാന പ്രമേയം. തിഹാർ സെൻട്രൽ ജയിലിൽ വിചാരണ പോലുമില്ലാതെ വർഷങ്ങളായി കഴിയുന്ന ഉമർ ഖാലിദിനെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെയും പങ്കാളിയുടെയും ഓർമ്മകളും സംഭാഷണങ്ങളും ഡോക്യൂമെന്ററി പങ്കുവെക്കുന്നു. ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.
പ്രതിഷേധത്തെ തുടർന്ന് സർവകലാശാലയുടെ ഔദ്യോഗിക പദവിയെയും അന്തസ്സിനെയും ബാധിക്കുന്ന ഇത്തരം പരിപാടികൾ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി അധികൃതർക്ക് കത്ത് നൽകി. അതേസമയം, ഇത് വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മാത്രം ആസൂത്രണം ചെയ്തതാണെന്നും പ്രദർശനം തടയുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് സർവകലാശാല ഭരണവിഭാഗം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

