ഉമാങ്, ഡിജിലോക്കർ സേവനങ്ങൾ വിപുലീകരിച്ച് സർക്കാർ
text_fieldsന്യൂഡൽഹി: പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ഉമാങ്, ഡിജിലോക്കർ പ്ലാറ്റ്‌ഫോമുകളിലെ സേവനങ്ങൾ വിപുലീകരിച്ചു. നിലവിൽ ഉമാങിൽ 2,575 സർക്കാർ സേവനങ്ങൾ ലഭ്യമാണ്. ഇതിൽ 880 കേന്ദ്ര സർക്കാർ സേവനങ്ങളും 1,695 സംസ്ഥാന സർക്കാർ സേവനങ്ങളുമുണ്ട്. ഡിജിലോക്കറിൽ 5,437 ഡോക്യുമെന്റ് വിഭാഗങ്ങളും സേവനങ്ങളും ലഭ്യമാണ്. ഇതിൽ 661 കേന്ദ്ര സർക്കാർ സേവനങ്ങളും 4,776 സംസ്ഥാന സർക്കാർ സേവനങ്ങളുമാണ്.
ഉമാങിൽ 11.66 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്ലാറ്റ്‌ഫോമിൽ ഏകദേശം 798 കോടി ഇടപാടുകൾ നടന്നു. ഡിജിലോക്കറിൽ 72.43 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 72.86 കോടി ഡോക്യുമെന്റ് ആക്‌സസ് ഇടപാടുകളും രേഖപ്പെടുത്തി.
ഗ്രാമീണ, വിദൂര മേഖലകളിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കോമൺ സർവീസ് സെന്ററുകളുടെ ശൃംഖലയും സർക്കാർ വിപുലപ്പെടുത്തി. സർക്കാർ സേവനങ്ങൾക്ക് പുറമെ ബാങ്കിംഗ്, ധനകാര്യം, ഇൻഷുറൻസ്, പെൻഷൻ, യൂട്ടിലിറ്റി പേയ്‌മെന്റ് തുടങ്ങിയ സേവനങ്ങളും ഇവ വഴി ലഭിക്കും. ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് ഗ്രാമപഞ്ചായത്ത് തലത്തിൽ 4,07,122 കോമൺ സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 70,069 കോമൺ സർവീസ് സെന്ററുകൾ വനിതകളാണ് നടത്തുന്നത്.
ഉമാങും ഡിജിലോക്കറും മൊബൈൽ ആപ്പുകളായും വെബ് പോർട്ടലുകളായും ലഭ്യമാണ്. അതിനാൽ എവിടെനിന്നും എപ്പോൾ വേണമെങ്കിലും സർക്കാർ സേവനങ്ങൾ ഉപയോഗിക്കാം. ആധാർ, ഇ-സൈൻ, എ.പി.ഐ സേതു തുടങ്ങിയ പ്രധാന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളുമായും ഇവ സംയോജിപ്പിച്ചിട്ടുണ്ട്.
സുരക്ഷിതമായ ഓതന്റിക്കേഷൻ, ഡിജിറ്റൽ രേഖകളുടെ പരിശോധന, ഉപയോക്താവിന്റെ സമ്മതത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പങ്കിടൽ എന്നിവയിലൂടെ പേപ്പർ അധിഷ്ഠിത നടപടികളും സർക്കാർ ഓഫീസുകളിലെ നേരിട്ടുള്ള സന്ദർശനങ്ങളും കുറക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിനായി പ്രധാൻ മന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ ഉൾപ്പെടെയുള്ള പദ്ധതികളും ബോധവത്കരണ പരിപാടികളും സർക്കാർ നടപ്പാക്കുന്നു. വിവിധ ഇന്ത്യൻ ഭാഷകളിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഉപയോക്തൃ സൗകര്യവും പ്രവേശനക്ഷമതയും മെച്ചപ്പെടുത്താനുള്ള നടപടികളും തുടരുന്നു.
കൂടുതൽ സർക്കാർ വകുപ്പുകളെയും സംസ്ഥാന സർക്കാരുകളെയും ഉൾപ്പെടുത്തി ഉമാങിലെയും ഡിജിലോക്കറിലെയും സേവനങ്ങളും ഡിജിറ്റൽ രേഖകളും തുടർച്ചയായി വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. രാജ്യസഭയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. സാങ്കേതികവിദ്യ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി 2015 ജൂലൈയിലാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

