യുക്രെയ്ൻ: തൽസ്ഥിതി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണം –ഇന്ത്യ
text_fieldsഹിരോഷിമ: യുക്രെയ്നിൽ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള ഏകപക്ഷീയ ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജി7 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുക്രെയ്നിലെ നിലവിലെ സാഹചര്യം രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രശ്നമായല്ല, മനുഷ്യത്വത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വിഷയമായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം പരിഹരിക്കാൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു.
രാജ്യാന്തര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിക്കാൻ എല്ലാവരും തയാറാകണം. ഏതൊരു പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ശ്രീബുദ്ധന്റെ അധ്യാപനങ്ങളിൽ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രവും സംഭാഷണവും മാത്രമാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം. ഇക്കാലത്ത് ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന പിരിമുറുക്കം എല്ലാവരെയും ബാധിക്കും. പരിമിത വിഭവങ്ങളുള്ള വികസ്വര രാജ്യങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിൽ നവീകരണം അനിവാര്യമാണ്. വർത്തമാനകാല യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ കേവലം വാചകമടി കേന്ദ്രമായി രക്ഷാസമിതി മാറും. സമാധാനം സ്ഥാപിക്കാൻ രൂപംകൊണ്ട യു.എന്നിന് സംഘർഷങ്ങൾ തടയുന്നതിൽ വിജയിക്കാനാകുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ സൃഷ്ടിച്ച സംവിധാനങ്ങൾ 21ാം നൂറ്റാണ്ടിന് യോജിച്ചതല്ലെന്ന് ആത്മപരിശോധന നടത്തിയാൽ വ്യക്തമാകും -അദ്ദേഹം പറഞ്ഞു.