ഓപറേഷൻ സിന്ദൂർ: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ
text_fieldsകിയവ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ തിരിച്ചടിയിൽ പ്രതികരിച്ച് യുക്രെയ്ൻ. ഇന്ത്യയും പാകിസ്താനും നയതന്ത്രമാർഗത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
മേഖലയുടെ സുരക്ഷയെ കൂടുതൽ വഷളാക്കുന്ന നടപടികൾ ഇരുരാജ്യങ്ങളും ഒഴിവാക്കണം. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.
തർക്കവിഷയങ്ങളിൽ നയതന്ത്ര പരിഹാരത്തിന് മുൻഗണന നൽകണം. സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായും യുക്രെയ്ൻ കൂട്ടിച്ചേർത്തു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ കനത്ത തിരിച്ചടിയിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ബുധനാഴ്ച പുലർച്ച 1.05ന് ആരംഭിച്ച മിസൈൽ, ഡ്രോൺ ആക്രമണം 1.30ന് അവസാനിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ലശ്കറെ ത്വയ്യിബയുടെയും ജയ്ശെ മുഹമ്മദിന്റെയും ഹിസ്ബുൽ മുജാഹിദീന്റെയും പരിശീലന ക്യാമ്പുകളും ആസ്ഥാനങ്ങളും ഒളിസങ്കേതങ്ങളും ആക്രമണത്തിൽ തകർന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ആറുമുതൽ 100 വരെ കിലോമീറ്റർ അകലെയുള്ള കേന്ദ്രങ്ങളാണിവ. ഇതിൽ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ്. 21 ഭീകര ക്യാമ്പുകളാണ് തകർത്ത് തരിപ്പണമാക്കിയത്.
പാകിസ്താന്റെ വ്യോമാതിർത്തി ലംഘിക്കാതെ റഫാൽ യുദ്ധ വിമാനങ്ങളും സ്കാൽപ്, ഹാമർ മിസൈലുകളും ഉപയോഗിച്ചായായിരുന്നു കൃത്യവും സൂക്ഷ്മവുമായ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയിൽ 26 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

