കുറ്റവാളികളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ രണ്ട് അപേക്ഷകൾ ബ്രിട്ടൻ തള്ളി
text_fieldsലണ്ടൻ: ബ്രിട്ടനിൽനിന്ന് മൂന്നുപേരെ വിട്ടുകിട്ടാനുള്ള ഇന്ത്യയുെട രണ്ട് അപേക്ഷകൾ കോടതി തള്ളി. ബ്രിട്ടൻ കേന്ദ്രമായ വാതുവെപ്പുകാരൻ സഞ്ജീവ് കുമാർ ചൗള, തട്ടിപ്പുകേസ് പ്രതികളും ബ്രിട്ടീഷ്-ഇന്ത്യൻ ദമ്പതികളുമായ ജതീന്ദർ, ആശ റാണി അങ്കുരാലസ് എന്നിവരെ വിട്ടുകിട്ടാനുള്ള അപേക്ഷകളാണ് വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളിയത്. 9,000 കോടി രൂപ ബാങ്ക് വായ്പ തിരിച്ചടക്കാതെ ബ്രിട്ടനിൽ അഭയം തേടിയ വിജയ് മല്യയുടെ കേസ് പരിഗണിക്കുന്നത് ഇൗ കോടതിയാണ്.
സഞ്ജീവ് കുമാർ ചൗളയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഒക്േടാബർ 16നാണ് തള്ളിയത്. ജതീന്ദർ-ആശ റാണി ദമ്പതികളുടെ കാര്യത്തിലുള്ള അപേക്ഷ ഒക്ടോബർ 12ന് തള്ളിയിരുന്നു. അതേസമയം, വിജയ് മല്യയുടെ കേസ് നവംബർ 20ന് പരിഗണിക്കും. ഡിസംബർ നാലിന് ആരംഭിക്കുന്ന വിചാരണയുടെ ഷെഡ്യൂൾ അന്ന് തീരുമാനിക്കും.
2000ത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസ് ക്രോണ്യേ ഉൾപ്പെട്ട ക്രിക്കറ്റ് വാതുവെപ്പിലാണ് ചൗളയെ വിട്ടുകിട്ടാനുള്ളത്. 2000 ഫെബ്രുവരി-മാർച്ചിൽ നടന്ന ദക്ഷിണാഫ്രിക്കൻ ടീമിെൻറ ഇന്ത്യൻപര്യടനത്തിനിടെ ഒത്തുകളിച്ചെന്നാണ് കേസ്. എന്നാൽ, ചൗളയെ വിട്ടുകിട്ടാനുള്ള അപേക്ഷ ജഡ്ജി റബേക്ക ക്രാനെ തള്ളുകയായിരുന്നു. അദ്ദേഹം ബ്രിട്ടനിലെത്തുന്നതിന് മുമ്പ് ഇന്ത്യയിൽ അറസ്റ്റിലായപ്പോൾ പാർപ്പിച്ചിരുന്ന തിഹാർ ജയിലിലെ മോശം സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മാനുഷികപരിഗണന നൽകി കോടതിയുടെ നടപടി.
ചൗളക്കെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് താൻ മനസ്സിലാക്കുന്നതായി ജഡ്ജി പറഞ്ഞു. എന്നാൽ, തിഹാർ ജയിലിൽ ചൗളയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമെന്ന് കരുതുന്നു. ജയിലിൽ ചൗള പീഡനത്തിനും അവഹേളനത്തിനും തടവുകാരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് ആക്രമണത്തിനും ഇരയാകാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കാൻ ശക്തമായ കാരണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. ജതീന്ദർ-അങ്കുരാലസ് ദമ്പതികളെ തട്ടിപ്പ് നടന്ന് കാൽനൂറ്റാണ്ടിനുശേഷം വിട്ടുകൊടുക്കുന്നതിന് ന്യായീകരണമില്ലെന്ന് കേസ് പരിഗണിച്ച മുതിർന്ന ജില്ല ജഡ്ജി ഇമ്മ ആർബുത്നോട്ട് വ്യക്തമാക്കി. ജതീന്ദർ ജലന്ദറിൽ ബാങ്ക് ഒാഫ് ഇന്ത്യ ബ്രാഞ്ച് മാനേജരായിരിക്കെയാണ് തട്ടിപ്പ് നടന്നത്. ദമ്പതികൾ ഇപ്പോൾ ബ്രിട്ടീഷ് പൗരന്മാരാണ്. വാറൻറിെൻറ അടിസ്ഥാനത്തിൽ 2015 ജൂണിൽ തെക്കുകിഴക്കൻ ലണ്ടനിൽ ഇവർ നടത്തുന്ന വ്യാപാരസ്ഥാപനത്തിൽനിന്ന് അറസ്റ്റ് ചെയ്തെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇൗ കേസിലെ നടപടികളിൽ സി.ബി.െഎയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തെ കോടതി നിശിതമായി വിമർശിച്ചു. തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയും ദമ്പതികളുടെ മേൽവിലാസങ്ങൾ അറിയുകയും ചെയ്തിട്ടും സി.ബി.െഎ അവരെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ജതീന്ദറിന് ഇപ്പോൾ 69 വയസ്സുണ്ടെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജഡ്ജി പറഞ്ഞു. ജതീന്ദറിെൻറ ഭാര്യയുടെ കാര്യത്തിലും കോടതി അവർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
1993 നവംബറിലാണ് ഇന്ത്യക്കും ബ്രിട്ടനും ഇടയിൽ കുറ്റവാളികളെ കൈമാറൽകരാർ പ്രാബല്യത്തിൽ വന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് പൗരനായ കൊലക്കേസ് പ്രതി മുഹമ്മദ് അബ്ദുൽ ശകൂറിനെ ഇന്ത്യ ഇൗയിടെ ബ്രിട്ടന് വിട്ടുകൊടുത്തിരുന്നു. എന്നാൽ, വിജയ് മല്യക്ക് പുറമെ രാജേഷ് കപൂർ, ടൈഗർ ഹനീഫ്, അതുൽ സിങ്, രാജ്കുമാർ പേട്ടൽ, ശൈഖ് സാദിഖ് എന്നിവരെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ ഇപ്പോഴും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
