ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിൽ; നാളെ മോദിയെ കാണും
text_fieldsമുംബൈ: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി. 2024ൽ പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ഇതാദ്യമായാണ് സ്റ്റാർമർ ഇന്ത്യയിൽ വരുന്നത്.
ബുധനാഴ്ച പുലർച്ചെ മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാർമറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ ഷിൻഡെ, അജിത് പവാർ, ഗവർണർ ആചാര്യ എന്നിവർ ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച ഇന്ത്യ-യു.കെ വ്യാപാര കരാറിന്റെ തുടർചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രമുഖ വ്യവസായികളെയും സ്റ്റാർമർ കാണുന്നുണ്ട്. ജൂലൈ 24നാണ് നരേന്ദ്ര മോദി ബ്രിട്ടനിലെത്തിയത്. തുടർന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യവസായ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സും സമഗ്ര, സാമ്പത്തിക വ്യാപാരകരാറിൽ (സി.ഇ.ടി.എ) ഒപ്പുവെച്ചത്. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും തീരുവ ഒഴിവാക്കുകയും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പല ബ്രിട്ടീഷ് ഉൽപന്നങ്ങളുടെയും തീരുവയിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യുന്ന ബഹുമുഖ തലങ്ങളുള്ള ഈ കരാറിലൂടെ 3400 കോടി യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എസിന്റെ തീരുവ നയത്തെ പ്രതിരോധിക്കാനുള്ള പോംവഴിയായിക്കൂടി കണക്കാക്കപ്പെടുന്ന കരാർ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ നടത്തുക, വിഷൻ 2035 എന്ന പേരിൽ നടപ്പാക്കുന്ന നയതന്ത്രസഖ്യത്തിന് നയരേഖ തയാറാക്കുക തുടങ്ങിയവയാണ് സ്റ്റാർമറുടെ സന്ദർശനോദ്ദേശ്യം. അദ്ദേഹത്തോടൊപ്പം വ്യാപാരികളും വിദ്യാഭ്യാസ വിചക്ഷണരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം നൂറിലധികം പേരും എത്തുന്നുണ്ട്. മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉൾപ്പെടെ സമ്മേളനങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

