എസ്.ജയ്ശങ്കറിന്റെ സന്ദർശനത്തിനിടെ ഖലിസ്ഥാൻവാദികളുടെ പ്രതിഷേധം; അപലപിച്ച് യു.കെ
text_fieldsലണ്ടൻ: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ യു.കെ സന്ദർശനത്തിനിടെ ഖലിസ്ഥാൻ വാദി വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറിയ സംഭവത്തെ അപലപിച്ച് ബ്രിട്ടൻ. സമാധാനപരമായ പ്രതിഷേധത്തെ യു.കെ പിന്തുണക്കുന്നുവെങ്കിലും ഭീഷണിയും തടസ്സപ്പെടുത്തലും അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര മര്യാദ അനുസരിച്ച് എല്ലാ നയതന്ത്ര സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഫോറിൻ, കോമൺവെൽത് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിന് പുറത്ത് പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് തടയുകയും സ്ഥലത്ത് ധാരാളം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ചയാളെ പൊലീസ് വേഗത്തിൽ നിയന്ത്രിച്ച് പുറത്തേക്ക് കൊണ്ടുപോയി. -എഫ്.സി.ഡി.ഒ പ്രതിനിധി പറഞ്ഞു. അതിനിടെ സംഭവത്തെ അപലപിച്ച് കമ്യൂണിറ്റി ഓർഗനൈസേഷൻ ഇൻസൈറ്റ് യു.കെയും രംഗത്തെത്തി. ഡോ. എസ്. ജയ്ശങ്കർ യു.കെ സന്ദർശിച്ച് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി വിജയകരമായ ചർച്ച പൂർത്തിയാക്കിയ സന്ദർഭത്തിൽ നടന്ന ദൗർഭാഗ്യകരമായ സംഭവം അപലപനീയമാണെന്ന് സംഘടന സമൂഹ മാധ്യമത്തിൽ പറഞ്ഞു.
യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പിന്നിൽ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ് റിപ്പോർട്ട്.ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ഒരാൾ ജയശങ്കറിന്റെ വാഹനത്തിലേക്ക് പാഞ്ഞുകയറുകയും ഇന്ത്യൻ പതാക കീറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
മാർച്ച് നാലു മുതൽ ഒമ്പതുവരെ യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് ജയ്‌ശങ്കർ. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ മേഖലകളിൽ ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് യാത്ര. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും. പ്രധാന ഭൗമരാഷ്ട്രീയ വിഷയങ്ങൾ, സുരക്ഷാ സഹകരണം, ഉഭയകക്ഷി വ്യാപാര കരാറുകൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

