ഹിന്ദി പണ്ഡിതയും ലണ്ടൻ യൂനിവേഴ്സിറ്റി പ്രഫസറുമായ ഒർസിനിക്ക് ഇന്ത്യയിൽ പ്രവേശന വിലക്ക്, തിരിച്ചയച്ചു
text_fieldsഫ്രാൻസെസ്ക ഒർസിനി
ന്യൂഡൽഹി: വിസ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ഹിന്ദി പണ്ഡിതയും ലണ്ടൻ യൂനിവേഴ്സിറ്റി പ്രഫസറുമായ ഫ്രാൻസെസ്ക ഒർസിനിക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ അധികൃതർ അനുമതി നിഷേധിച്ചു.
അഞ്ചു വർഷത്തെ വിസയുണ്ടായിട്ടും ഒർസിനിയുടെ പ്രവേശനം തടഞ്ഞതിന്റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നിയമപ്രകാരമുള്ള ടൂറിസ്റ്റ് വിസ കൈയിലുണ്ടായിട്ടും അധികൃതർ ഒർസിനിയെ തിരിച്ചയക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ലണ്ടൻ യൂനിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഓറിയന്‍റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പ്രഫസറാണ് ഒർസിനി.
ഹോങ്കോങ്ങിൽനിന്ന് തിങ്കളാഴ്ചയാണ് ടൂറിസ്റ്റ് വിസയിൽ അവർ ഡൽഹിയിൽ വിമാനം ഇറങ്ങിയത്. വിസ വിയമം ലംഘിച്ചതിന് കഴിഞ്ഞ മാർച്ചിൽ ഒർസിനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ ഒർസിനി ഗവേഷണപ്രവർത്തനങ്ങളിലും അക്കാദമിക് സമ്മേളനങ്ങളിലും പങ്കെടുത്തുവെന്നും ഇതു വിസ വ്യവസ്ഥകളുടെ ലംഘനമാണെന്നും പറയുന്നു. ‘ഒർസിനി ടൂറിസ്റ്റ് വിസയിലായിരുന്നു വന്നത്, വിസ വ്യവസ്ഥകൾ ലംഘിച്ച ആരെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തും’ -അധികൃതർ വെളിപ്പെടുത്തി. ഡൽഹിയിൽ വിമാനം ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ അവരെ ഹോങ്കോങ്ങിലേക്ക് തിരിച്ചയച്ചു.
ഒർസിനിയുടെ യാത്രാലക്ഷ്യവും വിസയിലെ വിവരങ്ങളും പൊരുത്തപ്പെടുന്നില്ലെന്നും അധികൃതർ പറയുന്നു. അതേസമയം, തനിക്ക് അഞ്ച് വർഷത്തെ സാധുവായ വിസ ഉണ്ടെന്നും സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലേക്ക് വന്നതെന്നും ഒർസിനി പറഞ്ഞു. ‘ദ് ഹിന്ദി പബ്ലിക് സ്ഫിയർ: 1920-1940, ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദി ഏജ് ഓഫ് നാഷനലിസം’ എന്ന ശ്രദ്ധേയ പുസ്തകങ്ങൾ രചയിതാവാണ്.
ചൈനയിൽ ഒരു അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്തശേഷമാണ് അവർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖ പണ്ഡിതയാണ് ഒർസിനിയെന്നും നമ്മുടെ സ്വന്തം സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ അവരുടെ കൃതികൾ സഹായകരമായെന്നും പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹ പ്രതികരിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ഒർസിനി അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ പ്രഫസറായ നിതാഷ കൗളിന്‍റെ കഴിഞ്ഞ വർഷം ബംഗളൂരു വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചിരുന്നു. പിന്നീട് അവരുടെ ഓവർസീസ് സിറ്റിസൻഷിപ്പ് (OCI) കാർഡും റദ്ദാക്കിയിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ചരിത്രം വളച്ചൊടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നടപടി.
ഫെബ്രുവരിയിൽ ബെംഗളൂരുവിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ നിതാഷ പ്രതികരിച്ചിരുന്നു. പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലോയെ 2022 മാർച്ചിലാണു തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

