ഷാഹി മസ്ജിദ് പൊളിക്കൽ: ഉജ്ജയിനിൽ പൊലീസ് നരനായാട്ട്; കണ്ണിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ചു
text_fieldsഇൻഡോർ: ഉജ്ജയിനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പ്രദേശവാസികളുടെ കടുത്ത പ്രതിഷേധം വകവെക്കാതെ ഭരണകൂടം പൊളിച്ചുനീക്കുന്നു. വൻ പൊലീസ് പടയെ അണിനിരത്തി അധികൃതർ നടത്തിയ ബലപ്രയോഗം പ്രദേശത്ത് കടുത്ത സംഘർഷത്തിനും ക്രമസമാധാന തകർച്ചയ്ക്കും കാരണമായി. തിങ്കളാഴ്ച രാവിലെ മസ്ജിദ് പൊളിക്കാനുള്ള ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷന്റെ നീക്കം തടയാനെത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ക്രൂരമായ നരനായാട്ടാണ് അഴിച്ചുവിട്ടത്. പള്ളിയുടെ സുരക്ഷയ്ക്കായി തടിച്ചുകൂടിയ നാട്ടുകാരെയും പ്രതിഷേധക്കാരെയും പൊലീസ് കണ്ണിൽ കണ്ടവരെയെല്ലാം മൃഗീയമായി തല്ലിച്ചതയ്ക്കുകയും ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് റോഡിൽ സംഘർഷം വ്യാപിക്കുകയും പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് അതീവ ഗുരുതരമായ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
2028-ൽ നടക്കുന്ന സിംഹസ്ത കുംഭമേള മുന്നോടിയായി, ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035-ന്റെ ഭാഗമായിട്ടാണ് കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള ഒരു കിലോ മീറ്റോറോളം നീളത്തിലുള്ള റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായി പള്ളിയുടെ പ്രാർഥനാ ഹാളിന്റെ (ജമാഅത്ത് ഖാന) ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ഹർ ചൗക്ക് ഷാഹി എന്നിവയാണ് പൊളിച്ചുമാറ്റുന്നത്. മസ്ജിദ് വഖഫ് സ്വത്താണെന്നും പൈതൃക ആരാധനാലയമായതിനാൽ റോഡ് വികസനം മറുവശത്തുകൂടി നടത്തണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ഗതാഗത സൗകര്യം മുൻനിർത്തി കോടതി ഹരജി തള്ളുകയായിരുന്നു.
നൂറുകണക്കിന് പ്രദേശവാസികൾ രണ്ടു ദിവസമായി രാത്രിയിൽ പള്ളിക്കുള്ളിൽ കുത്തിയിരുന്ന് രാപ്പകൽ വ്യത്യാസമില്ലാതെ പ്രതിഷേധിച്ചിരുന്നു. പള്ളി കമ്മിറ്റിയുമായും പ്രദേശവാസികളുമായും ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ്, തിങ്കളാഴ്ച രാവിലെ 2,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ബലമായി പൊളിക്കൽ ആരംഭിച്ചത്. പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് 500 മീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ ക്രൂരമായ നടപടിക്കെതിരെ കോൺഗ്രസ് എം.പി ഇംറാൻ പ്രതാപ് ഗഡി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ജനവികാരത്തെയും ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക കേന്ദ്രത്തെയും തകർക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ തീർത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം, ജനവികാരം മാനിച്ച് റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം മറുവശത്തുനിന്ന് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറും ഉജ്ജയിൻ ഭരണകൂടവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

