റോഡ് വികസനത്തിനിടെ ഉജ്ജയിൻ ഷാഹി മസ്ജിദിന് കേടുപാട്
text_fieldsഇന്ദോർ: റോഡ് വികസന ജോലികൾക്കായി തടസ്സങ്ങൾ നീക്കുന്നതിനിടെ മധ്യപ്രദേശിലെ ഉജ്ജയിനിലെ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. ‘സിംഹസ്ഥ കുംഭ് 2028’ന് തീർഥാടകരുടെ യാത്ര സുഗമമാക്കാനായി റോഡ് വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കാൻ നിർദേശിച്ചതിനെത്തുടർന്ന് നഗരത്തിൽ നേരത്തെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
നിശ്ചയിച്ച സ്ഥലത്ത് അല്ലാതെയും പള്ളിക്ക് കേടുപാട് സംഭവിച്ചത് വിശ്വാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജനങ്ങൾ ഊഹാപോഹങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ പറഞ്ഞു. 2028ൽ നടക്കുന്ന സിംഹസ്ഥ കുംഭമേളക്ക് മുന്നോടിയായി, ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035ന്റെ ഭാഗമായിട്ടാണ് കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിൽ ഒരു കിലോ മീറ്ററോളം നീളത്തിലുള്ള റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായി പള്ളിയുടെ പ്രാർഥനാ ഹാളിന്റെ (ജമാഅത്ത് ഖാന) ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ഹർ ചൗക്ക് ഷാഹി എന്നിവയാണ് പൊളിച്ചുമാറ്റുന്നത്.
മസ്ജിദ് വഖഫ് സ്വത്താണെന്നും പൈതൃക ആരാധനാലയമായതിനാൽ റോഡ് വികസനം മറുവശത്തുകൂടി നടത്തണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇന്ദോർ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ, ഗതാഗത സൗകര്യം മുൻനിർത്തി കോടതി ഹരജി തള്ളുകയായിരുന്നു.
നൂറുകണക്കിന് പ്രദേശവാസികൾ രണ്ടു ദിവസമായി രാത്രിയിൽ പള്ളിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് രണ്ടായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച് ബലമായി പൊളിക്കൽ ആരംഭിച്ചത്. പള്ളിക്ക് ചുറ്റും 500 മീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ഫോട്ടോയും വിഡിയോയും എടുക്കുന്നതും വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

