Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ കാർഡിൽ ഇമെയിൽ...

ആധാർ കാർഡിൽ ഇമെയിൽ ചേർക്കാൻ ഇനി അക്ഷയ കേന്ദ്രങ്ങൾ വേണ്ട; സേവനം ആപ്പ് വഴി

text_fields
bookmark_border
ആധാർ കാർഡിൽ ഇമെയിൽ ചേർക്കാൻ ഇനി അക്ഷയ കേന്ദ്രങ്ങൾ വേണ്ട; സേവനം ആപ്പ് വഴി
cancel

ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ ജനങ്ങളെ സഹായിക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഇമെയിൽ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം ഇപ്പോൾ ‘ആധാർ ആപ്പ്’ വഴി ലഭ്യമാണ്.

ഈ സേവനം ആധാർ ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക. ജൂലൈ ഒന്ന് മുതൽ ആറുമാസത്തേക്കാണ് ഇതിനായി ഫീസ് ഈടാക്കാത്തത്. ഇതോടെ ഇമെയിൽ ഐഡി അപ്‌ഡേറ്റ് ചെയ്യാൻ ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ട ബുദ്ധിമുട്ട് ജനങ്ങൾക്ക് ഒഴിവാകും. ആധാർ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ താമസക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പുതിയ സേവനം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ രണ്ടര ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ ഇമെയിൽ വിലാസം ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞു. ആൻഡ്രോയിഡ്, ആപ്പിൾ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ആധാർ ആപ്പിന്റെ പുതിയ പതിപ്പ് ലഭ്യമാണ്.

ഇമെയിൽ ഐഡി ആധാറുമായി ലിങ്ക് ചെയ്യുന്നതിലൂടെ, ഏതെങ്കിലും തരത്തിലുള്ള ആധാർ ഓതന്റിക്കേഷൻ നടക്കുന്ന സമയത്ത് ഉപയോക്താക്കൾക്ക് തത്സമയം ഇമെയിൽ അറിയിപ്പുകൾ ലഭിക്കും. ഇത് സുരക്ഷ വർധിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ അറിവിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനും സഹായിക്കും.

ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൊബൈൽ നമ്പർ മാറ്റം, വിലാസം തിരുത്തൽ തുടങ്ങിയ സേവനങ്ങളും സ്മാർട്ട്ഫോൺ വഴി നേരിട്ട് ആപ്പ് ഉപയോഗിച്ച് നടത്താം. ഇതുവരെ നാല് കോടിയിലധികം ആളുകൾ മൊബൈൽ നമ്പർ മാറ്റുന്നതിനും, ഏകദേശം പത്തുലക്ഷം പേർ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ആധാർ ആപ്പ് ഡൗൺലോഡ് ചെയ്തോ അപ്‌ഡേറ്റ് ചെയ്തോ ഉപയോക്താക്കൾക്ക് ഈ പുതിയ സേവനം പ്രയോജനപ്പെടുത്താമെന്നും, കൂടുതൽ ആളുകൾ ഈ സൗകര്യം ഉപയോഗിക്കണമെന്നും യു.ഐ.ഡി.എ.ഐ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emailadhaar cardUIDAIUIDAI Officialupdate
News Summary - UIDAI Launches Free Email Update via Aadhaar App
Next Story