സ്വകാര്യ സർവകലാശാല; പിടിമുറുക്കാൻ യു.ജി.സി
text_fieldsതിരുവനന്തപുരം: സ്വകാര്യ സർവകലാശാലകളുടെ അനുമതി, നിയന്ത്രണം എന്നിവയിൽ അധികാരപരിധി വിപുലമാക്കി യു.ജി.സിയുടെ പുതിയ റെഗുലേഷൻ വരുന്നു. നിലവിൽ 2003ലെ ചുരുങ്ങിയ വ്യവസ്ഥകളോടെയുള്ള റെഗുലേഷനാണ് സ്വകാര്യ സർവകലാശാലകൾക്കായുള്ളത്. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകിയുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ഈ മേഖലയിൽ കൂടി പിടിമുറുക്കാൻ യു.ജി.സി നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായം തേടി. പൊതുമേഖലയിലുള്ള സംസ്ഥാന സർവകലാശാലകളിലെ വി.സി, അധ്യാപക നിയമനങ്ങളിൽ ചാൻസലറായ ഗവർണർക്ക് കൂടുതൽ അധികാരം നൽകിയും സംസ്ഥാന സർക്കാറുകളെ അപ്രസക്തമാക്കിയുമുള്ള കരട് റെഗുലേഷൻ വിവാദമായിരിക്കെയാണ് സ്വകാര്യ സർവകലാശാലയിലേക്കും യു.ജി.സി കൈവെക്കുന്നത്.
സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിൽ സംസ്ഥാനങ്ങളുടെ നിയമനിർമാണത്തിന് പ്രാധാന്യം നൽകിയാണ് 2003ലെ റെഗുലേഷനെങ്കിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് ‘യു.ജി.സി (എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് മെയിന്റനൻസ് ഓഫ് സ്റ്റാന്റേഡ്സ് ഇൻ സ്റ്റേറ്റ് പ്രൈവറ്റ് യൂനിവേഴ്സിറ്റീസ്) റെഗുലേഷൻ, 2025’ എന്ന പേരിൽ പരിഷ്കാരം കൊണ്ടുവരുന്നത്. സ്വകാര്യ സർവകലാശാലകൾക്ക് ഓഫ് കാമ്പസുകൾ തുറക്കാനുള്ള മാനദണ്ഡങ്ങളും റെഗുലേഷനിൽ നിർദേശിക്കും. നാഷനൽ അസസ്മെന്റ് ആന്ഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) സാധുവായ അക്രഡിറ്റേഷൻ/ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രേഡിങ് മാനദണ്ഡങ്ങൾ പ്രകാരം 75 ശതമാനം സ്കോറിൽ കുറയാതെ, എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ 200ൽ ഇടംപിടിക്കുന്നവക്കായിരിക്കും ഓഫ് കാമ്പസിനുള്ള അനുമതി.
എക്സിക്യൂട്ടിവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, ഫിനാൻസ് കമ്മിറ്റി തുടങ്ങിയവയുടെ ഘടനയും നിർദേശിക്കുന്നുണ്ട്. നിലവിൽ ഇവയെല്ലാം സംസ്ഥാന നിയമത്തിന്റെ ഭാഗമാണ്. റെഗുലേഷൻ പാലിച്ചില്ലെങ്കിൽ ബിരുദം നൽകാനുള്ള അനുമതി തടയൽ, സർവകലാശാലയുടെ അംഗീകാരം പിൻവലിക്കൽ, യു.ജി.സി നിയമത്തിലെ 2 (എഫ്), 12 (ബി) വകുപ്പുകൾ പ്രകാരമുള്ള പട്ടികയിൽനിന്ന് നീക്കൽ തുടങ്ങിയ നടപടികൾക്കുള്ള വ്യവസ്ഥകളും പുതിയ റെഗുലേഷനിലുണ്ടാകും. സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സംസ്ഥാനങ്ങളിൽ നിയമനിർമാണം ആവശ്യമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും നേരത്തെ ഇല്ലാതിരുന്ന കൂടുതൽ വ്യവസ്ഥകൾ സഹിതമാണ് റെഗുലേഷൻ നിലവിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

