യു.ജി.സി നെറ്റ്: വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്ന് എം.എസ്.എഫ്
text_fieldsന്യൂഡൽഹി : ചോദ്യപ്പേപ്പർ ചോർന്ന കാരണത്താൽ റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷ, പുതുക്കി നിശ്ചയിച്ച തിയതികളിലെ യുക്തിരഹിത മാറ്റങ്ങൾ കാരണം വിദ്യാർഥികൾ നേരിടുന്ന ആശങ്ക പരിഹരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി. അഹമ്മദ് സാജു ആവശ്യപ്പെട്ടു. പുനർനിശ്ചയിച്ച തീയതികളിൽ ഉദ്യോഗാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിക്കണമെന്നാണ് ആവശ്യം.
യു.ജി.സി നെറ്റ് പെട്ടെന്ന് റദ്ദാക്കിയതും സി.എസ്.ഐ.ആർ നെറ്റ് മാറ്റിവച്ചതും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ഈ പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥികൾക്ക് അവധിക്കാലത്താണ് പരീക്ഷാ തീയതികൾ ഷെഡ്യൂൾ ചെയ്തിരുന്നത്. അതനുസരിച്ചു പലരും അവരുടെ സൗകര്യപ്രദമായ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഇന്‍റേൺഷിപ്പ് ചെയ്യുന്ന വിദ്യാർഥികൾ അവരുടെ ഇന്‍റേൺഷിപ്പ് സ്ഥലങ്ങളെ അടിസ്ഥാനമാക്കി കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.
അക്കാദമിക് കലണ്ടർ അനുസരിച്ച് ക്ലാസുകൾ തുടങ്ങിയതിനാൽ നിരവധി വിദ്യാർഥികൾ അതത് സ്ഥാപനങ്ങളിലേക്ക് മടങ്ങി. ഇതോടെ പഴയ സെന്‍റർ അനുസരിച്ച് പരീക്ഷ എഴുതണമെങ്കിൽ അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്തി ആയിരക്കണക്കിന് കിലോമീറ്റർ വീണ്ടും യാത്ര ചെയ്യേണ്ട ദുരവസ്ഥയാണുള്ളത്. ഇതിന് പരിഹാരമായി നിലവിലുള്ള സാഹചര്യത്തിൽ അവർക്ക് അനുയോജ്യമായ സെന്‍ററുകൾ തെരഞ്ഞടുക്കാൻ എൻ.ടി.എ സാഹചര്യമൊരുക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പിമാർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, യു.ജി.സി ചെയർമാൻ, എൻ.ടി.എ ഡയറക്ടർ ജനറൽ എന്നിവർക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

