ജാതി വിവേചനം തടയാൻ പുതിയ ചട്ടങ്ങളുമായി യു.ജി.സി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഇടപെടലിന് പിന്നാലെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാൻ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് യു.ജി.സി.
കാമ്പസുകളിൽ തുല്യതസമിതികൾ രൂപവത്കരിക്കുന്നതടക്കം പുതിയ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെ ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യു.ജി.സി പരിഷ്കരിച്ച നിയമങ്ങളുടെ കരട് പ്രസിദ്ധീകരിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളെ ജാതിവിവേചനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയതിനും വിവേചനം നിർവചിക്കുന്നതിലെ വ്യക്തതക്കുറവിനും വ്യാപകമായ വിമർശനം ഉയരുകയുണ്ടായി. അന്തിമ വിജ്ഞാപനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള വിവേചനവും ഉൾപ്പെടുത്തി.
വിവേചനത്തെക്കുറിച്ചുള്ള തെറ്റായ പരാതികൾ നിരുത്സാഹപ്പെടുത്താനെന്ന കാരണം പറഞ്ഞ് അത്തരം പരാതികൾക്ക് പിഴ ചുമത്താനുമുള്ള വ്യവസ്ഥയും കരടിൽ ഉണ്ടായിരുന്നു. ഇതു പരാതിക്കാരെ ഉപദ്രവിക്കാൻ കാരണമാകുമെന്ന വിമർശനം വന്നതോടെ അന്തിമ വിജ്ഞാപനത്തിൽ പിഴ വ്യവസ്ഥ ഒഴിവാക്കി.
പുതിയ ചട്ടങ്ങളിൽ ജാതി വിവേചനം എന്നാൽ പട്ടികജാതി-വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരായ ജാതിയുടെയോ ഗോത്രത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം മാത്രമാണ്. ജാതി, മതം, ഭാഷ, വംശീയത, ലിംഗഭേദം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കോ വിദ്യാർഥി ഗ്രൂപ്പുകൾക്കോ പ്രത്യേക വിദ്യാഭ്യാസ സംവിധാനങ്ങളോ സ്ഥാപനങ്ങളോ സ്ഥാപിക്കുന്നതിൽനിന്നും പരിപാലിക്കുന്നതിൽനിന്നും സ്ഥാപനങ്ങളെ തടഞ്ഞിരുന്ന 2012 ലെ നിയമങ്ങളിലെ പ്രത്യേക വ്യവസ്ഥ ഒഴിവാക്കി.
തുല്യതസമിതിയിൽ അധ്യക്ഷൻ സ്ഥാപനമേധാവി
തുല്യതസമിതിയിൽ സ്ഥാപനമേധാവിയായിരിക്കും അധ്യക്ഷപദവിയിൽ. സമിതികളിൽ പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി-വർഗക്കാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കണം. സമിതികൾ വർഷത്തിൽ രണ്ടുതവണയെങ്കിലും യോഗം ചേരണം. പ്രവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് യു.ജി.സിക്ക് സമർപ്പിക്കണം.
വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും കാലതാമസമില്ലാതെ പരാതികൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂർ ഹെൽപ് ലൈനുകളും ഓൺലൈൻ പരാതി സംവിധാനങ്ങളും സജ്ജീകരിക്കണം.
പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം തുല്യതസമിതി യോഗം ചേരണം. 15 പ്രവൃത്തി ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുകയും ശിപാർശകളുടെ അടിസ്ഥാനത്തിലുള്ള ഏഴു ദിവസത്തിനകം നടപടി സ്വീകരിക്കുകയും വേണം. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികളുണ്ടാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

