വടക്കേ ഇന്ത്യയിൽ നിന്നെത്തിയവർ തമിഴ്നാട്ടിൽ വിജയിച്ച ചരിത്രമില്ല -ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: വടക്കേ ഇന്ത്യയിൽ നിന്നെത്തിയവർ വിജയിച്ച ചരിത്രം തമിഴ്നാട്ടിലില്ലെന്ന് ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഡി.എം.കെ ഇവിടെ ശക്തമാണ്. തമിഴ്നാട്ടിന്റേയും ഇവിടത്തെ ജനങ്ങളുടേയും പ്രത്യേകത കൊണ്ട് വടക്കേ ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയക്കാർക്ക് ഇവിടെ വിജയിക്കാനാവില്ലെന്ന് ഉദയനിധി പറഞ്ഞു.
അവരുടെ കളി മറ്റ് സംസ്ഥാനങ്ങളിൽ ചിലപ്പോൾ നടന്നേക്കും. പക്ഷേ തമിഴ്നാട്ടിൽ അതുണ്ടാവില്ല. പെരിയാർ, മുൻ മുഖ്യമന്ത്രിമാരായ സി.എൻ അണ്ണാദുരൈ, എം.കരുണാനിധി, പാർട്ടി നേതാവ് കെ.അൻപഴകൻ എന്നിവർ ഒരുമിച്ച് നിൽക്കാനും ഒരു ടീമായി പോരാടാനുമെല്ലാം തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഐ.പി.എൽ ടിക്കറ്റ് ആവശ്യപ്പെട്ട എ.ഐ.എ.ഡി.എം.കെ എം.എൽ.എയോട് ബി.സി.സി.ഐ അധ്യക്ഷൻ ജയ് ഷായോട് ചോദിക്കാനായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി. അദ്ദേഹം നിങ്ങളുടെ അപേക്ഷ കേൾക്കും.ഓരോ എം.എൽ.എക്കും അഞ്ച് ടിക്കറ്റ് വരെ ലഭിച്ചേക്കാം. അതിന് പണം കൊടുക്കാൻ തയാറാണെന്ന് കായിക മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

