കുതിരക്കച്ചവടമെന്ന് ഉദയനിധി; തന്റേത് മതേതര സർക്കാറെന്നും കുതിരശക്തിയിലാണ് പ്രവർത്തിക്കുന്നതെന്നും വിജയിയുടെ മറുപടി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. വിശ്വാസവോട്ടെടുപ്പിൽനിന്ന് ഡി.എം.കെ അംഗങ്ങൾ വിട്ടുനിന്നു. സർക്കാറിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻറെ നേതൃത്വത്തിലുള്ള ഡി.എം.കെ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയത്. വിജയ് കുതിരക്കച്ചവടം നടത്തിയെന്ന് ഡി.എം.കെ ആരോപിച്ചു. ഒരു പ്രധാന പാർട്ടിയെ പിളർത്തിയെന്നും തമിഴ്നാട്ടിലെ 65 ശതമാനം ജനങ്ങളും സർക്കാരിനെതിരെ വോട്ട് ചെയ്തവരാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പുതിയ സർക്കാർ അസ്ഥിരമാണെന്നും അവസരവാദ സഖ്യങ്ങളിലൂടെ ഒത്തുചേരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
വിശ്വാസവോട്ടെടുപ്പിനിടെ എം.എൽ.എമാർക്ക് പണം നൽകിയെന്ന ആരോപണവുമായി എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ പളനിസാമിയും രംഗത്തെത്തി. എ.ഐ.എ.ഡി.എം.കെയുടെ 47 പേരും വിശ്വാസ വോട്ടെടുപ്പിൽ സർക്കാറിനെ എതിർത്ത് വോട്ട് ചെയ്യുമെന്നും പളനിസാമി പറഞ്ഞു. ഇതിനുപിന്നാലെ എ.ഐ.എ.ഡി.എം.കെ വിമത നേതാവ് എസ്.പി. വേലുമണിയെ സംസാരിക്കാൻ അനുവദിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. അംഗത്തെ സംസാരിക്കാൻ അനുവദിക്കുന്നത് തന്റെ അവകാശമാണെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പറഞ്ഞു. എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 25 എം.എൽ.എമാരാണ് വിജയിയെ അനുകൂലിച്ച് വിമത പക്ഷത്ത് അണിനിരന്നത്.
144 അംഗങ്ങളാണ് വിജയ് സർക്കാറിനെ പിന്തുണച്ച് വോട്ട് ചെയ്തത്. 22 പേർ എതിർത്ത് വോട്ട് ചെയ്തു. വിശ്വാസ വോട്ടെടുപ്പിൽ ജയിച്ചതിന് പിന്നാലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. തന്റേത് ഒരു മതേതര സർക്കാർ ആയിരിക്കുമെന്നും സർക്കാർ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും വിജയ് പറഞ്ഞു.
തന്റെ സർക്കാർ പിന്തുണക്കുന്നവരെ മാത്രമല്ല, എതിർക്കുന്നവരെയും സേവിക്കും. സാമൂഹിക നീതിയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ഭരണകൂടം അതിൻറെ പ്രത്യയശാസ്‍ത്ര അടിത്തറകളുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കും. മുൻ ഡി.എം.കെ സർക്കാർ അവതരിപ്പിച്ച പദ്ധതികൾ തുടരുമെന്നും വിജയ് കൂട്ടിച്ചേർത്തു. ഉദയനിധി സ്റ്റാലിന്റെ കുതിരക്കച്ചവട ആരോപണങ്ങളെ വിജയ് തള്ളിപ്പറഞ്ഞു. തന്റെ സർക്കാർ കുതിരക്കച്ചവടത്തിലല്ല, കുതിരശക്തിയിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു വിജയിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

