'തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു'; മുഖ്യമന്ത്രി വിജയ്‌ക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ടി.വി.കെ സർക്കാരിനും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കുമെതിരെ രൂക്ഷവിമർശനവുമായി നിയമസഭാ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ഒക്ടോബർ 6-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ധാരാപുരം മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർത്ഥി എസ്. സുഗന്യക്ക് വേണ്ടിയുള്ള പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനോ ഭരണപരമായ കാര്യങ്ങൾക്കോ ശ്രദ്ധ നൽകാതെ മുഖ്യമന്ത്രി വിജയ്‌യെ പുകഴ്ത്തുന്നതിലാണ് സർക്കാരിലെ മന്ത്രിമാരും എം.എൽ.എമാരും സമയം ചെലവഴിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ വിജയ് സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കുള്ള ധനസഹായം, സൗജന്യ പാചകവാതക സിലിണ്ടറുകൾ, തൊഴിലില്ലായ്മ വേതനം, കർഷകരുടെ കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളൽ തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളെല്ലാം വഞ്ചിക്കപ്പെട്ടു. കൂടാതെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ അന്യായമായ രീതികളിലൂടെ സ്വന്തം പാർട്ടയിലേക്ക് എത്തിക്കുന്ന ടി.വി.കെയുടെ രീതിയെ ഒരു ഓൺലൈൻ ഡെലിവറി ആപ്പിലൂടെ സോഫ ഓർഡർ ചെയ്യുന്നതിനോടാണ് അദ്ദേഹം ഉപമിച്ചത്.
സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യത്തെക്കുറിച്ചും കടുത്ത ആശങ്കയാണ് ഉദയനിധി പങ്കുവെച്ചത്. സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ വെറുതെ പ്രശംസിച്ചുകൊണ്ടിരിക്കുന്ന ഭരണകക്ഷി നേതാക്കൾക്ക് ജനങ്ങൾ വോട്ടിലൂടെ കൃത്യമായ മറുപടി നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പട്ടികജാതി സംവരണ മണ്ഡലമായ ധാരാപുരത്ത് ഡി.എം.കെ സ്ഥാനാർത്ഥി സുഗന്യയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ഉദയനിധി ജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

