100 കോടി നഷ്ടപരിഹാരം വേണം; എൻ.ഡി.ടി.വിക്കും ഇന്ത്യ ടുഡേക്കും ഉദയനിധി സ്റ്റാലിന്റെ നോട്ടീസ്
text_fieldsഉദയനിധി സ്റ്റാലിൻ
ചെന്നൈ: തഞ്ചാവൂരിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ അപകീർത്തികരമായ രീതിയിൽ വളച്ചൊടിച്ച് വാർത്ത നൽകിയെന്നാരോപിച്ച് പ്രമുഖ ദേശീയ മാധ്യമസ്ഥാപനങ്ങളായ എൻ.ഡി.ടി.വി, ഇന്ത്യ ടുഡേ എന്നിവയ്‌ക്കെതിരെ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ ലീഗൽ നോട്ടീസ് അയച്ചു. 100 കോടി രൂപ നഷ്ടപരിഹാരവും പരസ്യമായ മാപ്പപേക്ഷയുമാണ് ലീഗൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എൻ.ഡി.ടി.വിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശിവ് അരൂർ, ഇന്ത്യ ടുഡേയിലെ അക്ഷിത നന്ദഗോപാൽ എന്നിവരുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കും ചാനലുകളുടെ മാതൃകമ്പനികൾക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ചെന്നൈയിലെ പി. വിൽസൺ അസോസിയേറ്റ്സ് എന്ന നിയമസ്ഥാപനം വഴി ആഗസ്റ്റ് 6-നാണ് നോട്ടീസ് നൽകിയത്. ഉപാധികളില്ലാത്ത പരസ്യ മാപ്പപേക്ഷ ചാനലുകളിലൂടെയും ഔദ്യോഗിക, വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സംപ്രേഷണം ചെയ്യണമെന്നും, യൂട്യൂബിൽ നിന്നും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിവാദ വീഡിയോകൾ പൂർണ്ണമായി നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 48 മണിക്കൂറിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.
ആഗസ്റ്റ് 3-ന് തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച കർഷക പ്രതിഷേധത്തിനിടെ ഉദയനിധി നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും എഡിറ്റ് ചെയ്ത വീഡിയോകൾ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഡി.എം.കെ ലീഗൽ ടീമിന്റെ ആരോപണം.
പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) വനിതാ വിഭാഗം നൽകിയ പരാതിയിൽ തമിഴ്നാട് പോലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. കർഷക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും, മാധ്യമങ്ങൾ ബോധപൂർവ്വം തെറ്റായ പ്രചാരണം നടത്തുകയാണെന്നുമാണ് ഡി.എം.കെ വ്യക്തമാക്കുന്നത്.
അതേസമയം, കേസിൽ നിന്ന് ലഭിക്കുന്ന 100 കോടി രൂപയുടെ നഷ്ടപരിഹാരത്തുക നിലവിലെ കാർഷിക സീസണിൽ 'കുറുവായ്' വിളനാശം നേരിട്ട കർഷകർക്ക് ആശ്വാസധനമായി നൽകുമെന്നും ഉദയനിധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

